ന്യൂഡല്‍ഹി : ഇന്ത്യയിലെ ലോക്ഡൗണ്‍ നാലാം ഘട്ടത്തില്‍ സ്‌പോര്‍ട്സ് കോംപ്ലക്‌സുകള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും കായിക മത്സരങ്ങള്‍ തുടങ്ങാന്‍ ഇനിയും കാത്തിരിക്കണം.

മേയ് 31 വരെ നീളുന്ന നാലാംഘട്ട ലോക്ഡൗണില്‍ സ്‌പോര്‍ട്സ് കോംപ്ലക്‌സുകളും സ്റ്റേഡിയങ്ങളും തുറക്കാമെന്നും കാണികളില്ലാതെ മത്സരം നടത്താമെന്നും കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഇതോടെ മുന്‍നിര കായികതാരങ്ങള്‍ക്ക് പരിശീലനം കൂടുതല്‍ സജീവമാക്കാം. പക്ഷേ, കായിക മത്സരങ്ങള്‍ തുടങ്ങുന്ന കാര്യം ദേശീയ സ്‌പോര്‍ട്സ് ഫെഡറേഷനുകള്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ല.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റ് തുടങ്ങാന്‍ സാധ്യതയുണ്ടോ എന്ന് സംഘാടകരും ആരാധകരും ഉറ്റുനോക്കുന്നു. എന്നാല്‍ അഭ്യന്തര- അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങാതെ ക്രിക്കറ്റ് മത്സരം നടത്താനാകില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.) ട്രഷറര്‍ അരുണ്‍കുമാര്‍ ധൂമല്‍ പറഞ്ഞു.

മാര്‍ച്ച് അവസാനം തുടങ്ങേണ്ടിയിരുന്ന ഐ.പി.എല്‍. അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഒട്ടേറെ വിദേശതാരങ്ങള്‍ കളിക്കാനുണ്ട്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉടനെയൊന്നും സാധാരണ നിലയിലാകില്ല. ചില രാജ്യങ്ങള്‍ നീണ്ട കാലത്തേക്ക് യാത്രാനിയന്ത്രണം പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഇന്ത്യന്‍ താരങ്ങള്‍തന്നെ പല സ്ഥലങ്ങളിലായി കുടുങ്ങിയിരിക്കുകയാണ്. മുംബൈ, ഡല്‍ഹി, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ നിയന്ത്രണം കര്‍ശനമായതിനാല്‍ ഇവിടെനിന്ന് പെട്ടെന്നൊന്നും യാത്ര അനുവദിക്കില്ല. ചില നഗരങ്ങളില്‍ സ്റ്റേഡിയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുത്തിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍, ഐ.പി.എല്‍. തുടങ്ങുന്ന കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ സമയമായിട്ടില്ലെന്ന് ബി.സി.സി.ഐ. വൃത്തങ്ങള്‍ വ്യക്തമാക്കി.

എന്നാല്‍ വീടുകളില്‍ കഴിഞ്ഞിരുന്ന താരങ്ങള്‍ക്ക് ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിന് സ്റ്റേഡിയങ്ങള്‍ ഉപയോഗിക്കാം. സംസ്ഥാന അസോസിയേഷനുകളുമായി ചേര്‍ന്ന് താരങ്ങള്‍ക്ക് കൃത്യമായ പരിശീലന പദ്ധതി തയ്യാറാക്കുമെന്നും അരുണ്‍ ധുമല്‍ പറഞ്ഞു.

Content Highlights: fourth period of lockdown allowed sporting activities to take place albeit behind closed doors