സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ലെഗ്‌സ്പിന്നര്‍ സ്റ്റുവര്‍ട്ട് മക്ഗില്ലിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലു പേരെ പോലീസ് പിടികൂടി. സിഡ്‌നിയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. 

ഇക്കഴിഞ്ഞ ഏപ്രില്‍ പതിനാലിനാണ് രാത്രി പടിഞ്ഞാറന്‍ സിഡ്‌നിയിലെ ബ്രിഗ്‌ലിയില്‍ വച്ച് മക്ഗില്ലിനെ വാഹനം തടഞ്ഞ  നാലംഗ സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്. നഗരത്തിന് പുറത്തെ ഏതോ അജ്ഞാത കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയ അക്രമികള്‍ മക്ഗില്ലിനെ മര്‍ദിക്കുകയും വിട്ടയക്കാന്‍ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. ഏതാണ്ട് ഒരു മണിക്കൂറിനുശേഷമാണ് അവര്‍ താരത്തെ വിട്ടയച്ചത്.

crime
പിടികൂടിയ പ്രതികളിൽ ഒരാളെ പോലീസ് ചോദ്യം ചെയ്യാനായി കൊണ്ടുപോകുന്നു. Photo Courtesy: NSW police

ഇതിനെതുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തിന് ഒടുവിലാണ് പോലീസ് 29, 42, 46, 27 വയസുള്ള നാലു പേരെ അസ്റ്റ് ചെയ്തത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചോദ്യംചെയ്യല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം മക്ഗില്ലിനെയും പോലീസ് വിശദമായ ചോദ്യംചെയ്യലിനായി കൊണ്ടുപോയിരുന്നു.

അമ്പതുകാരനായ മക്ഗില്‍ ഓസ്‌ട്രേലിയക്കുവേണ്ടി നാല്‍പത്തിനാല് ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമാണ് കളിച്ചത്. ടെസ്റ്റില്‍ 208ഉം ഏകദിനത്തില്‍ ആറും വിക്കറ്റ് വീഴ്ത്തി. മികച്ച ലെഗ്‌സ്പിന്നറായിരുന്നെങ്കിലും ലെഗ്‌സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ പ്രതാപകാലത്ത് ഓസ്‌ട്രേലിയന്‍ ടീമില്‍ കളിക്കേണ്ടിവന്നതാണ് കരിയറില്‍ വിനയായത്. അതുകൊണ്ട് തന്നെയാണ് ഏറയൊന്നും അവസരങ്ങള്‍ ലഭിക്കാതെ കരിയര്‍ അവസാനിപ്പിക്കേണ്ടിവന്നത്.

Content Highlights: Four Arrested for kidnapping former Austraian leg spinneer Stuart MacGill at gunpoint