Image Courtesy: Twitter
കാന്‍ബറ: കായിക ലോകത്തെ ഞെട്ടിച്ച് മുന്‍ സൂപ്പര്‍കാര്‍ റേസര്‍ റെനി ഗ്രേസി കാറോട്ട മത്സരങ്ങള്‍ എന്നന്നേക്കുമായി ഉപേക്ഷിച്ച് പോണ് ഫിലിം ഇന്ഡസ്ട്രിയിലേക്ക് തിരിഞ്ഞു. ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന്റെ അതേ മാതൃകയില്‍ ഓസ്ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി നടത്തിവരുന്ന കാറോട്ട മത്സരമാണ് സൂപ്പര്‍കാര്‍സ് ചാമ്പ്യന്‍ഷിപ്പ്. വി8 സൂപ്പര്‍ കാര്‍സ് ചാമ്പ്യന്‍ഷിപ്പില്‍ മുഴുവന്‍ സമയ മത്സരം പൂര്‍ത്തിയാക്കിയ ആദ്യ വനിതാ താരമാണ് റെനി.
ബ്രിസ്ബെയ്ന്‍ സ്വദേശിയായ റെനി ഒരു അഭിമുഖത്തിലാണ് താന്‍ റേസിങ് രംഗം വിട്ടെന്നും പോണ് ഫിലിം ഇന്ഡസ്ട്രിയിലേക്ക് തിരിഞ്ഞെന്നും അറിയിച്ചത്. പണത്തിനു വേണ്ടി തന്നെയാണ് ഈ തീരുമാനമെന്നു പറഞ്ഞ താരം ഇതുവരെ താന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനവും ഇതുതന്നെയാണെന്നും വ്യക്തമാക്കി.
പുതിയ രംഗത്തേക്ക് തിരിഞ്ഞ് ആദ്യ ആറു ദിവസത്തിനുള്ളില്‍ തന്നെ 24,000 ഡോളര്‍ (ഏകദേശം 19 ലക്ഷത്തോളം രൂപ) തനിക്ക് സമ്പാദിക്കാനായെന്നും റെനി വെളിപ്പെടുത്തി. മാസം 90,000 ഡോളര്‍ (ഏകദേശം 68 ലക്ഷത്തോളം രൂപ) ആണ് ഇപ്പോള്‍ താരം സമ്പാദിക്കുന്നത്.
''കാറോട്ട മേഖലയില്‍ ഞാന്‍ പ്രതീക്ഷിച്ച കാര്യങ്ങളൊന്നും തന്നെ എനിക്ക് ലഭിക്കുന്നുണ്ടായിരുന്നില്ല. ആവശ്യമായ ഫണ്ടിങ് പോലും ഉണ്ടായിരുന്നില്ല. എങ്കിലും ഞാനെന്റെ പരമാവധി ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ എന്റെ സ്വപ്നങ്ങള്‍ അവസാനിക്കുന്ന ഘട്ടത്തിലേക്ക് ഒടുവില്‍ കാര്യങ്ങള്‍ എത്തി. എന്റെ ജീവിതത്തിലുടനീളം ഞാന്‍ ചെയ്ത ഏറ്റവും മികച്ച കാര്യമാണിത്. എനിക്ക് ഒരിക്കലും സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഒരു സാമ്പത്തിക സ്ഥിതിയിലേക്ക് ഇതെന്നെ എത്തിച്ചു. ഞാനിത് ശരിക്കും ആസ്വദിക്കുന്നുണ്ട്. മറ്റുള്ളവര്‍ എന്നെക്കുറിച്ച് എന്തും തന്നെ പറഞ്ഞോട്ടെ. ഞാനത് കാര്യമാക്കുന്നില്ല. ഞാന്‍ നന്നായി പണം സമ്പാദിക്കുന്നുണ്ട്'', ഡെയ്ലി ടെലഗ്രാഫിന് അനുവദിച്ച അഭിമുഖത്തില്‍ റെനി വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച ഈ അഭിമുഖം പുറത്തുവന്നതോടെ റനിയുടെ ഫാന്‍ സൈറ്റില്‍ വലിയ വര്‍ധനവ് ഉണ്ടാകുകയും ചെയ്തു. അഡല്‍റ്റ് സബ്സ്ക്രിപ്ഷന് വെബ്സൈറ്റായ ഒണ്ലിഫാന്സിനു വേണ്ടിയാണ് റെനി വീഡിയോകളും ചിത്രങ്ങളും ലഭ്യമാക്കുന്നത്.
റെനിയുടെ അഭിമുഖം പുറത്തുവന്നതിനു പിന്നാലെ സൂപ്പര്‍കാര്‍സ് അധികൃതരും പ്രതികരണവുമായി രംഗത്തെത്തി. റെനിയുടെ നീക്കത്തെ കുറിച്ച് അറിഞ്ഞുവെന്നും തങ്ങള്‍ക്ക് ഇനി ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും സൂപ്പര്‍കാര്‍സ് പ്രസ്താവനയില്‍ പറഞ്ഞു. റെനിക്ക് ഇനി മത്സരിക്കാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Former V8 Supercars racer Renee Gracie switches to adult film industry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..