ന്യൂയോര്‍ക്ക്: 2010-ല്‍ ലോകകപ്പ് നേടിയ സ്‌പെയിന്‍ ടീം അംഗവും അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ടീമായ ന്യൂയോര്‍ക്ക് സിറ്റി എഫ്.സി.യുടെ മുന്‍ സ്ട്രൈക്കറുമായ ഡേവിഡ് വിയ്യക്കെതിരേ ലൈംഗികപീഡനാരോപണം.

ക്ലബ്ബിലെ മുന്‍ ജീവനക്കാരിയാണ് ട്വിറ്ററില്‍ ആരോപണമുന്നയിച്ചത്. ഓരോ ദിവസവും വിയ തന്നെ ചുറ്റിപ്പിടിക്കുകയും അസഭ്യങ്ങള്‍ പറയുകയും ചെയ്യുമായിരുന്നെന്ന് യുവതി കുറിച്ചു. ജൂലായ് 17-നാണ് വിയ്യക്കെതിരേ യുവതി ട്വിറ്ററില്‍ ആരോപണവുമായി രംഗത്തെത്തിയത്. 

എന്നാല്‍, ആരോപണങ്ങള്‍ വിയ്യ ശക്തമായി നിഷേധിച്ചു. ഇതിനെതിരേ നിയമപരമായി പോരാടുമെന്നും നിരപരാധിത്വം തെളിയിക്കാനുള്ള തന്റെ അവകാശത്തെ പൊതുജനങ്ങളും മാധ്യമങ്ങളും മാനിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി ന്യൂയോര്‍ക്ക് സിറ്റി അധികൃതര്‍ അറിയിച്ചു.

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ വിട്ട് 2015-ലാണ് വിയ്യ ന്യൂയോര്‍ക്ക് സിറ്റിയില്‍ ചേര്‍ന്നത്. നാലു സീസണ്‍ കളിച്ചു. 2016-ല്‍ ലീഗിലെ ഏറ്റവും മൂല്യമുള്ള താരത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. 2018-ല്‍ ക്ലബ്ബ് വിട്ട അദ്ദേഹം കഴിഞ്ഞ വര്‍ഷം ഫുട്ബോളില്‍നിന്ന് വിരമിക്കുകയും ചെയ്തു.

2008-ല്‍ യൂറോ കപ്പ് നേടിയ സ്‌പെയിന്‍ ടീമിലും അംഗമായിരുന്നു. 2005 മുതല്‍ 2017 വരെ ദേശീയ ടീമില്‍ കളിച്ച അദ്ദേഹം 98 മത്സരങ്ങളില്‍ നിന്ന് 59 ഗോളും നേടിയിട്ടുണ്ട്.

Content Highlights: Former Spanish striker David Villa accused of harassment by a former New York City FC intern