ലണ്ടന്‍: മുന്‍ സ്‌കോട്ട്‌ലന്‍ഡ് ക്രിക്കറ്റ് താരം മജീദ് ഹഖിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പരിശോധനാ ഫലം പോസിറ്റീവാണെന്നും താന്‍ സുഖംപ്രാപിച്ച് വരുന്നതായും താരം തന്നെ ട്വിറ്ററിലൂടെ അറിയിച്ചു. ഗ്ലാസ്‌ഗോയിലെ റോയല്‍ അലക്‌സാന്‍ഡ്ര ആശുപത്രിയില്‍ ചികിത്സയിലാണ് താരം ഇപ്പോള്‍. 

കോവിഡ്-19 ആശങ്കയുടെ പശ്ചാത്തലത്തില്‍ കായിക ലോകം തന്നെ സ്തംഭിച്ച അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോഴാണ് കായിക താരങ്ങള്‍ക്കും രോഗബാധ സ്ഥിരീകരിക്കുന്നത്.  നേരത്തെ പ്രീമിയര്‍ ലീഗ്, സീരി എ താരങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

37-കാരനായ മജീദ് ഹഖ് 2006 മുതല്‍ 2015 വരെ സ്‌കോട്ട്‌ലന്‍ഡിനായി 54 ഏകദിനങ്ങളും 24 ട്വന്റി 20 മത്സരങ്ങളും കളിച്ച താരമാണ്. 2015 ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലാണ് അദ്ദേഹം സ്‌കോട്ട്‌ലന്‍ഡിനായി അവസാനമായി കളിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴും താരം കളിക്കുന്നുണ്ട്.

Former Scotland cricketer Majid Haq tested positive for novel coronavirus

കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കോട്ട്‌ലന്‍ഡ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ തങ്ങളുടെ കീഴിലുള്ള ക്രിക്കറ്റ് മത്സരങ്ങളെല്ലാം റദ്ദാക്കിയിരുന്നു. യു.കെയില്‍ ഇതുവരെ നാലായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 180-ഓളം പേരാണ് ഇവിടെ മരിച്ചത്. സ്‌കോട്ട്‌ലന്‍ഡില്‍ ഇതുവരെ മുന്നൂറോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlights: Former Scotland cricketer Majid Haq tested positive for novel coronavirus