ലാഹോർ:പാക് ക്രിക്കറ്റിലെ ഒത്തുകളിയെ കുറിച്ച് വെളിപ്പെടുത്തലുമായി പാകിസ്താന്റെ മുൻ പേസ് ബൗളർ ആഖിബ് ജാവേദ്. മുൻ പാക് താരം സലീം പർവേസിനെതിരെയാണ് ആഖിബ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. പാകിസ്താനിലെ ഒരു പ്രാദേശിക വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാക് പേസ് ബൗളർ.

തൊണ്ണൂറുകളിൽ മുൻ താരമായിരുന്ന സലീം പർവേസാണ് കളിക്കാരെ ഒത്തുകളി മാഫിയുമായി പരിചയപ്പെടുത്തിയിരുന്നത്. അന്ന് വൻ പ്രതിഫലമായിരുന്നു അത്തരം ആളുകൾ വാഗ്ദാനം ചെയ്തിരുന്നതെന്നും വില കൂടിയ കാറുകളും കോടിക്കണക്കിന് രൂപയുമാണ് പല കളിക്കാർക്കും അന്ന് നൽകിയിരുന്നതെന്നും ആഖിബ് പറയുന്നു.

ഒത്തുകളിച്ചില്ലെങ്കിൽ ക്രിക്കറ്റിലെ ഭാവി തന്നെ അവസാനിപ്പിക്കുമെന്ന് ഭീഷണിയുമുണ്ടായിരുന്നു. എന്നാൽ താൻ അതിന് സമ്മതിച്ചില്ലെന്നും അകാലത്തിൽ തന്റെ കരിയറിന് വിരാമമിടേണ്ടി വന്നത് ഇതുകാരണമായിരുന്നെന്നും ആഖിബ് ആരോപിക്കുന്നു.

'സലീം പർവേസ് എന്നോടും ഒത്തുകളിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അങ്ങനെ ചതിക്കാൻ സാധിക്കില്ലെന്ന ശക്തമായ നിലപാടാണ് ഞാൻ സ്വീകരിച്ചത്. ഞാൻ മഹത്തായ മൂല്യങ്ങളിൽ വിശ്വസിക്കുന്നയാളാണ്. പണം വാങ്ങി രാജ്യത്തെ ഒറ്റുകൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല. അതിന്റെ പേരിൽ എന്റെ ക്രിക്കറ്റ് ഭാവി നശിച്ചാലും എനിക്ക് കുഴപ്പമുണ്ടായിരുന്നില്ല.'-ആഖിബ് വ്യക്തമാക്കുന്നു.

പാകിസ്താനായി 22 ടെസ്റ്റുകളും 162 ഏകദിനങ്ങളും കളിച്ച താരമാണ് ആഖിബ്. ടെസ്റ്റിൽ 54 വിക്കറ്റും ഏകദിനത്തിൽ 182 വിക്കറ്റുകളും വീഴ്ത്തി. 1998-ൽ കരിയർ അവസാനിപ്പിക്കുമ്പോൾ 25 വയസ്സായിരുന്നു ആഖിബിന്റെ പ്രായം.

content highlights:Former Pakistan pacer Aaquib Javed names teammate who approached him for fixing