വെല്ലിങ്ടണ്‍: മുന്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ജോണ്‍ എഫ് റീഡ് (64) അന്തരിച്ചു. ബാറ്റ്‌സ്മാനായിരുന്ന റീഡ് ന്യൂസീലന്‍ഡിനുവേണ്ടി 19 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ആറ് സെഞ്ചുറികളും നേടിയിട്ടുണ്ട്.
ഓസ്‌ട്രേലിയയ്‌ക്കെതിരായി നേടിയ 108 റണ്‍സിന്റെ പേരിലാണ് അദ്ദേഹത്തെ ലോകമറിയുന്നത്. 1985-ല്‍ ബ്രിസ്‌ബേനിലെ ഗാബ്ബ ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തിലാണ് ജോണ്‍ 108 റണ്‍സ് നേടിയത്. അന്ന് ആ മത്സരത്തില്‍ റീഡിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ ന്യൂസീലന്‍ഡ് കരുത്തരായ ഓസ്‌ട്രേലിയയെ ഇന്നിങ്‌സിനും 41 റണ്‍സിനുമാണ് പരാജയപ്പെടുത്തിയത്. ആ മത്സരത്തില്‍ മാര്‍ട്ടിന്‍ ക്രോയുമായി ചേര്‍ന്ന് 225 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്താനും ജോണിന് സാധിച്ചു.
ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനായ റീഡ് സ്പിന്‍ ബൗളര്‍മാരെ നേരിടുന്നതിലാണ് മികവ് പുലര്‍ത്തിയിരുന്നത്. ന്യൂസീലന്‍ഡിനായി 19 ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ച ജോണ്‍ 46.28 ശരാശരിയില്‍ 1296 റണ്‍സ് നേടിയിട്ടുണ്ട്. ആറുസെഞ്ചുറികളും രണ്ട് അര്‍ധസെഞ്ചുറികളും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും ജനിച്ചു. 180 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
രാജ്യത്തിനായി 24 ഏകദിനങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. 27.52 ശരാശരിയില്‍ 633 റണ്‍സാണ് സമ്പാദ്യം. 88 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍
1979-ല്‍ പാക്കിസ്താനെതിരെ അരങ്ങേറ്റം കുറിച്ച ജോണ്‍ 1986-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.
Content Highlights: Former NZ test batsman John F. Reid dead at 64