ചിട്ടയായ ജീവിതവും വ്യായാമവുമൊക്കെ കോവിഡിനെ അകറ്റാനുള്ള നല്ല മാര്‍ഗങ്ങളാണ്. എന്നാല്‍, വ്യായാമം കൊണ്ട് മാത്രം കവചം തീർക്കാവുന്ന ഒന്നല്ല ഈ മഹാമാരി. ജഗദീഷ് ലാഡ് എന്ന ബറോഡക്കാരന് വ്യായാമത്തിന് ഒരു കുറവുമില്ല. മുന്‍ മിസ്റ്റര്‍ ഇന്ത്യയാണ് മുപ്പത്തിനാലുകാരനായ ജഗദീഷ്. ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവാണ്.

കോവിഡ് ബാധിച്ച ജഗദീഷ് കഴിഞ്ഞ നാലു ദിവസമായി ബറോഡയിലെ ഒരു ആശുപത്രിയില്‍ ഓക്‌സിജന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിപ്പോന്നത്. കഴിഞ്ഞ ദിവസം ദയനീയമായി മരണത്തിന് കീഴടങ്ങുകയും ചെയ്തു.

ജഗദീഷിന്റെ മരണം ഞെട്ടലോടെയാണ് ശരീരസൗന്ദര്യരംഗത്തുള്ളവര്‍ കേട്ടത്. നിത്യവും വ്യായാമം ചെയ്ത് ഇത്ര നന്നായി ആരോഗ്യം നോക്കുന്നവര്‍ക്ക് പോലും കോവിഡിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റുള്ളവരുടെ ഗതി എന്താവുമെന്നാണ് സമീര്‍ ദാബില്‍ക്കര്‍ എന്ന അന്താരാഷ്ട്ര താരം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. ശ്രദ്ധിച്ചില്ലെങ്കില്‍ കോവിഡില്‍ നിന്ന് ആരും മുക്തരല്ലെന്ന പാഠമാണ് ജഗദീഷിന്റെ മരണം തരുന്നതെന്നും ദാബില്‍ക്കര്‍ പറയുന്നു.

 മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ ജഗദീഷ് രണ്ട് വര്‍ഷം മുന്‍പാണ് ഉപജീവനം തേടി ബറോഡയിലേയ്ക്ക് മാറിയത്. അവിടെ ഒരു ജിം നടത്തിയായിരുന്നു ജീവിതം തള്ളിനീക്കിയിരുന്നത്ണ്ണ. എന്നാല്‍, കോവിഡ് പടര്‍ന്നുപിടിച്ചതോടെ ജിമ്മുകളും ഹെല്‍ത്ത് ക്ലബുകളുമെല്ലാം അടച്ചു. ഇതോടെ മറ്റ് പലരെയും പോലെ ജഗദീഷിന്റെയും ജീവിതം വഴിമുട്ടി. പിന്നീട് ഒരു വര്‍ഷമായി കടുത്ത ദാരിദ്ര്യത്തിലായിരുന്നു ഭാര്യയും ഒരു പെണ്‍കുട്ടിയും അടങ്ങുന്ന കുടുംബം കഴിഞ്ഞുപോന്നത്. നിത്യവും ആഹാരം കണ്ടെത്താന്‍ തന്നെ പാടായിരുന്നു. മറ്റെവിടേയ്ക്കക്കെങ്കിലും മാറാമെന്ന് വീചാരിച്ചാല്‍ വാടകകുടിശ്ശിക തീര്‍ക്കാതെ താമസിക്കുന്ന  വീടൊഴിയാന്‍ വീട്ടുടമയും അനുവദിച്ചില്ല. ഇതിനിടെയാണ് ഭാര്യയ്ക്ക് കോവിഡ് ബാധിച്ചത്. ചികിത്സിച്ച് ഭേദമായെങ്കിലും അപ്പൊഴേയ്ക്കും ജഗദീഷും കോവിഡ്ബാധിതനായി.

 കഴിഞ്ഞ ദിവസം മനോജ് ലഖന്‍ എന്നൊരു യുവ ബോഡിബില്‍ഡറും സമാനമായ രീതിയില്‍ കോവിഡ് മരണത്തിന് കീഴടങ്ങിയിരുന്നു.

Content Highlights: Former Mr India international Body Builder Jagdish Lad succumbs to COVID-19