ഹൂസ്റ്റണ്‍: മുന്‍ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ഡോ. സി.കെ ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു. യു.എസിലെ ഹൂസ്റ്റണില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു.

കേരളത്തില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിച്ച താരമായിരുന്നു സി.കെ ഭാസ്‌കരന്‍ നായര്‍ എന്ന ചന്ദ്രോത്ത് കല്യാടന്‍ ഭാസ്‌കരന്‍. സിലോണിനെതിരെയായിരുന്നു (ഇന്നത്തെ ശ്രീലങ്ക) മത്സരം. അന്ന് സിലോണിന് ടെസ്റ്റ് പദവി ഇല്ലാതിരുന്നതിനാല്‍ ഈ ടെസ്റ്റ് അനൗദ്യോഗിക മത്സരമാകുകയായിരുന്നു. ആ മത്സരത്തില്‍ 18 ഓവറുകള്‍ എറിഞ്ഞ സി.കെ 51 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

1941 മേയ് അഞ്ചിന് തലശേരിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1957 മുതല്‍ 1969 വരെ രഞ്ജി ട്രോഫിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. സി.കെയും മുന്‍ താരം ടി.കെ മാധവും ചേര്‍ന്നുള്ള കേരളത്തിന്റെ ഓപ്പണിങ് പേസ് നിര അന്നത്തെ വമ്പന്‍മാരെ പോലും വിറപ്പിക്കാന്‍ പോന്നതായിരുന്നു. 

മികച്ച ഫാസ്റ്റ് ബൗളറെന്ന് പേരെടുത്ത സി.കെ 16-ാം വയസിലാണ് കേരളത്തിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1957-58 സീസണില്‍ ആന്ധ്രയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം. 1968-69 സീസണ്‍ വരെ കേരളത്തിനായി കളിച്ചു. മൈസൂരിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം.

കേരളത്തിനായി 21 മത്സരങ്ങളിലെ 37 ഇന്നിങ്‌സുകളില്‍ നിന്ന് 69 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ആന്ധ്രയ്‌ക്കെതിരേ 86 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. നാലു തവണ കേരളത്തിനായി അഞ്ചു വിക്കറ്റ് പ്രകടനം നടത്തി. 345 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ആന്ധ്രയ്‌ക്കെതിരേ നേടിയ 59 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മദ്രാസിനായി 12 രഞ്ജി മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. 24 വിക്കറ്റുകള്‍ മദ്രാസിനായി വീഴ്ത്തി.

ബാലന്‍ പണ്ഡിറ്റ്, രവി അച്ചന്‍, ജോര്‍ജ് എബ്രഹാം, ഡി. റാം, എച്ച്. ദേവരാജ്, അച്ചാരത്ത് ബാബു, സാന്റി ആരോണ്‍, കേളപ്പന്‍ തമ്പുരാന്‍. ആര്‍.വി.ആര്‍ തമ്പുരാന്‍ എന്നിവരടങ്ങിയ അന്നത്തെ കേരള ടീമിലെ പ്രധാനിയായിരുന്നു സി.കെ. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് പാസായ അദ്ദേഹം ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച ശേഷം യു.എസില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു. 

Content Highlights: Former Kerala Ranji Trophy cricketer Dr. CK Bhaskaran Nair passes away