കോഴിക്കോട്: കേരളാ പോലീസ് ഫുട്‌ബോള്‍ ടീമിന്റെ സുവര്‍ണകാലത്തെ ഒരു താരംകൂടി പോലീസ് ജേഴ്‌സി അഴിച്ചു. 

ഗോള്‍പോസ്റ്റിന് കീഴില്‍ അവിസ്മരണീയ പ്രകടനങ്ങള്‍ കാഴ്ചവെച്ച പി.ടി. മെഹബൂബ് തിങ്കളാഴ്ച ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചു. മലപ്പുറം കോഴിച്ചെന റാപ്പിഡ് റെസ്‌പോണ്‍സ് റെസ്‌ക്യൂ ഫോഴ്‌സില്‍ അസിസ്റ്റന്റ് കമാന്‍ഡന്റാണ് മെഹബൂബ്. സഹതാരമായ സി.വി. പാപ്പച്ചനും തിങ്കളാഴ്ച വിരമിച്ചു.

കോഴിക്കോട്ടെ ഫുട്‌ബോള്‍ ആരാധകരുടെ കേന്ദ്രമായ കുറ്റിച്ചിറ സ്വദേശിയായ മെഹബൂബ് യങ്ങ് ചാലഞ്ചേഴ്‌സ്, യുവഭാവന കുറ്റിച്ചിറ ടീമുകളിലൂടെയാണ് വളര്‍ന്നുവന്നത്. 1982, '83 വര്‍ഷങ്ങളില്‍ കേരളം ദേശീയ സബ്ജൂനിയര്‍ ജോതാക്കളായപ്പോള്‍ മെഹബൂബായിരുന്നു ഗോളി. 1984-ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗോള്‍ക്കീപ്പറായി. അന്നത്തെ പ്രകടനം പോലീസ് ടീമിലേക്ക് വഴിതുറന്നു. 

ഡി.ജി.പി.യായിരുന്ന എം.കെ. ജോസഫിന്റെ നിര്‍ദേശപ്രകാരം 1985-ല്‍ ഹവില്‍ദാരായി ജോലിയില്‍ക്കയറി. പാപ്പച്ചന്‍, കെ.ടി. ചാക്കോ, യു. ഷറഫലി, വി.പി. സത്യന്‍, കുരികേശ് മാത്യു, ഐ.എം. വിജയന്‍, ജോപോള്‍ അഞ്ചേരി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ അന്ന് പോലീസ് ടീമിലുണ്ട്. 1986-ല്‍ കൗമുദി ട്രോഫിയില്‍ പോലീസ് ടീം ജേതാക്കളായപ്പോള്‍ ഗോള്‍പോസ്റ്റിലെ ഉജ്ജ്വല പ്രകടനത്തിലൂടെ മെഹബൂബ് അരങ്ങേറ്റം ഉജ്വലമാക്കി. 1990, '91 വര്‍ഷങ്ങളില്‍ ഫെഡറേഷന്‍ കപ്പ് നേടി പോലീസ് ടീം ചരിത്രംകുറിച്ചു.

1992-ല്‍ കോയമ്പത്തൂരില്‍ നടന്ന സന്തോഷ് ട്രോഫിയിലൂടെ 19 വര്‍ഷത്തിനുശേഷം കേരളം കിരീടം വീണ്ടെടുത്തപ്പോള്‍ മെഹബൂബ് ടീമിലുണ്ടായിരുന്നു. കോഴിക്കോട്ട് ബംഗ്ലാദേശ് ടീം ധാക്ക അബ്ഹാനി ക്രീഡാ ചക്രക്കെതിരെയും കൊല്‍ക്കത്തയില്‍ ഐ.എഫ്.എ. ഷീല്‍ഡില്‍ മുഹമ്മദന്‍സിനെതിരായ മത്സരം ഇന്നും മെഹബൂബിന്റെ ഓര്‍മയിലുണ്ട്. ജി.വി. രാജാ അവാര്‍ഡും മുഖ്യമന്ത്രിയുടെ പോലീസ് മെഡലും മെഹബൂബിനെ തേടിയെത്തി. ആയിഷാ ഫിറാനയാണ് ഭാര്യ. മക്കള്‍: മാരിഫ, മഫ്ര, മിന്‍ഹാജ്.

Content Highlights: former kerala police goalkeeper mehaboob retired from service