തൃശൂര്‍: കേരള പോലീസ് ഫുട്‌ബോള്‍ ടീമിന്റെ മുന്‍കാല താരം സി.എ. ലിസ്റ്റണ്‍ അന്തരിച്ചു (54). കേരള പോലീസില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായിരുന്നു. തൃശൂരിലായിരുന്നു അന്ത്യം.

തൃശൂര്‍ അളഗപ്പ നഗര്‍ സ്വദേശിയായ ലിസ്റ്റന്‍ കേരള പോലീസ് ഫുട്‌ബോള്‍ ടീമിന്റെ സുവര്‍ണകാലത്തെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു. ലിസ്റ്റന്റെ ഗോളിലാണ് കേരള പോലീസ് കണ്ണൂര്‍ ഫെഡറേഷന്‍ കപ്പില്‍ ജേതാക്കളായത്. ജൂനിയര്‍ ഇന്ത്യന്‍ ടീമിനുവേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.

ഫുട്‌ബോള്‍ താരമായിരുന്ന അച്ഛന്‍ സി.ഡി. ആന്റണിയുടെ ചുവടുപിടിച്ചാണ് ലിസ്റ്റനും ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയത്. കളിയുടെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചുതും അച്ഛനില്‍ നിന്നു തന്നെ. എന്നാല്‍, ലിസ്റ്റനിലെ യഥാര്‍ഥ പ്രതിഭ പുറത്തുവരുന്നത്. പന്ത്രണ്ടാം വയസ്സില്‍ തൃശൂരില്‍ ടി.കെ.ചാത്തുണ്ണിയുടെ നേതൃത്വത്തില്‍ നടന്ന ത്രിദിന ഫുട്‌ബോള്‍ ക്യാമ്പോടുകൂടിയാണ്. അന്നാ ക്യാമ്പില്‍ പ്രതിഭ രാകിമിനുക്കാന്‍ വന്ന മറ്റൊരു താരം കൂടിയുണ്ടായിരുന്നു ഐ.എം. വിജയന്‍.

ഈ ക്യാമ്പിന്റെ മികവിലാണ് ലിസ്റ്റന്‍ തൃശൂര്‍ ജില്ലാ ജൂനിയര്‍ ടീമില്‍ ഇടം നേടുന്നത്. സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ തൃശൂരിനുവേണ്ടി ബൂട്ടണിയുകയും ചെയ്തു. പിന്നീട് കേരള വര്‍മ ടീമില്‍ ചേര്‍ന്നു. ഇവിടുത്തെ കളി മികവിന്റെ ബലത്തിലാണ് 1985ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമില്‍ അംഗമാകുന്നത്. പിന്നീട് മൂന്ന് വര്‍ഷം അശുതോഷ് മുഖര്‍ജി ട്രോഫി കൈയടക്കിയ കാലിക്കറ്റ് ടീമിന്റെ മുന്‍നിര സ്‌ട്രൈക്കറായിരുന്നു ലിസ്റ്റന്‍. അങ്ങനെ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ടീമിലും ഇടം നേടി.

1988ലാണ് ആദ്യമായി കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമില്‍ അംഗമാകുന്നത്. ലിസ്റ്റന്റെ കൂടി സ്ട്രൈക്കിങ് മികവിലാണ് അന്ന് കേരള ഫൈനലില്‍ പ്രവേശിച്ചത്. അക്കൊല്ലം കലാശപ്പോരില്‍ കരുത്തരായ ബംഗാളിനോടാണ് കേരളം തോറ്റത്. പിന്നീട് ഗോവ സന്തോഷ് ട്രോഫി ടീമിലും ലിസ്റ്റന്‍ കേരളത്തിനുവേണ്ടി കളിച്ചു. അക്കാലത്ത് ഇന്ത്യന്‍ അണ്ടര്‍ 22 ടീമില്‍ ഇടം നേടിയ ലിസ്റ്റന്‍ മാലദ്വീപില്‍ ഇന്ത്യന്‍ കുപ്പായണിഞ്ഞ് കളിച്ചു. കോഴിക്കോട് നാഗ്ജി ട്രോഫിയില്‍ കളിച്ച ജൂനിയര്‍ ഇന്ത്യന്‍ ടീമിലും ലിസ്റ്റന്‍ ബൂട്ടണിഞ്ഞു. അന്ന് ലിസ്റ്റന്റെ ഗോളിലാണ് ഇന്ത്യന്‍ യുവനിര കരുത്തരായ മോഹന്‍ബഗാനെ കോഴിക്കോട്ട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ മുട്ടുകുത്തിച്ചത്.

1988ല്‍ കളിക്കൂട്ടകാരന്‍ ഐ.എം. വിജയന് പിറകെ ലിസ്റ്റനും കേരള പോലീസിലെത്തി. സത്യനും ഷറഫലിയും കെ.ടി.ചാക്കോയും തോബിയാസുമെല്ലാമടങ്ങിയ പോലീസിന്റെ സുവര്‍ണകാലമായിരുന്നു അത്. വിജയന്‍-പാപ്പച്ചന്‍-ലിസ്റ്റന്‍ മുന്നേറ്റ ത്രയമായിരുന്നു അക്കാലത്ത് പോലീസിന്റെ തുറുപ്പുചീട്ട്. കണ്ണൂര്‍ ഫെഡറേഷന്‍ കപ്പില്‍ മുംബൈ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ മുട്ടുകുത്തിച്ച് പോലീസ് കിരീടമണിഞ്ഞത് കലാശപ്പോരില്‍ ലിസ്റ്റന്‍ നേടിയ ഗോളിന്റ മികവിലായിരുന്നു. 1998 വരെ പോലീസ് ടീമിന്റെ പ്രധാന സ്‌ട്രൈക്കര്‍മാരില്‍ ഒരാളായിരുന്നു.

Content Highlights: Former Kerala Police Footballer CA  Liston Passes Away Federation Cup, Nagji Trophy