
Photo: twitter.com
ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീം സ്വന്തമാക്കിയ ചരിത്ര നേട്ടത്തിന്റെ ആരവങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ടീം അംഗങ്ങള്‍ക്ക് സര്‍ക്കാരുകളും വിവിധ സംഘടനകളും നല്കുന്ന സ്വീകരണങ്ങളും മറ്റും ഈ കോവിഡ് കാലത്തും പൊടിപൊടിക്കുക തന്നെയാണ്.
ഇതിനിടെ ഗോപാല്‍ ബെംഗ്ര എന്ന ഒരു മുന്‍ താരത്തെ കുറിച്ച് എത്രപേര്‍ കേട്ടിരിക്കും? ഇന്ത്യന്‍ ഹോക്കിയുടെ തിരിച്ചുവരവ് ആഘോഷിച്ചവരൊന്നും തന്നെ ദിവസങ്ങള്‍ക്കു മുമ്പുണ്ടായ അദ്ദേഹത്തിന്റെ വിയോഗം പോലും അറിഞ്ഞില്ല. ഇന്ത്യയ്ക്കായി ഹോക്കി സ്റ്റിക്ക് കൈയിലെടുത്ത ഗോപാല്‍ നീണ്ട കഷ്ടപ്പാടുകള്‍ക്കും യാതനകള്‍ക്കുമൊടുവില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിന് ഈ ലോകത്തോട് വിടപറഞ്ഞു.
ഇന്ത്യയിലെ പല മുന്‍ കായിക താരങ്ങളെ പോലെ തന്നെ ഓര്‍മകളുടെ വഴുക്കുള്ള വരമ്പുകളിലൂടെ സഞ്ചരിച്ച് ഒടുവില്‍ വിസ്മൃതിയുടെ ആഴങ്ങളിലേക്ക് വീണുപോയയാളാണ് ഗോപാല്‍ ബെംഗ്രയും.
ബ്യൂണസ് ഐറിസില്‍ നടന്ന 1978-ലെ ലോകകപ്പ് കളിച്ച ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ദേശീയ കായിക ഇനത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച ഗോപാല്‍ പിന്നീട് തിരസ്കൃതനായി പോകുകയായിരുന്നു.
ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യുമ്പോഴാണ് അദ്ദേഹം ദേശീയ ടീമിലേക്ക് എത്തിപ്പെടുന്നത്. ഇതോടെ 1979-ല്‍ സേന വിട്ടു. ഹോക്കി താരമെന്ന നിലയില്‍ ഒരു സര്‍ക്കാര്‍ ജോലി ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം.
എന്നാല്‍ മന്ത്രിമാരുടെയും ബ്യൂറോക്രാറ്റുകളുടെയും വാതിലുകള്‍ മാറിമാറി മുട്ടിയിട്ടും ഈ ദേശീയ താരത്തിന് ഒരു പ്യൂണ്‍ ജോലി പോലും തരപ്പെട്ടില്ല. പ്രതീക്ഷ നഷ്ടപ്പെട്ട അദ്ദേഹം ദിവസേന 50 രൂപ കൂലിക്കായി പാറ പൊട്ടിക്കുന്ന ജോലിക്ക് പോയി. പെന്‍ഷനായി ലഭിച്ചിരുന്ന 1475 രൂപ വെച്ച് ഒരു കുടുംബം എങ്ങനെ മുന്നോട്ടുപോകും.
പിന്നീട് 2017-ലാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗാവസ്കറുടെ ചാംപ്സ് ഫൗണ്ടേഷന് ഗോപാലിന് സഹായവുമായി രംഗത്തെത്തുന്നത്. ഇതുവഴി ഓരോ മാസവും 7500 രൂപ വീതം അദ്ദേഹത്തിന്റെ വീട്ടിലെത്താന്‍ തുടങ്ങി. നാലു പതിറ്റാണ്ടോളം രാജ്യവും ഹോക്കി ഇന്ത്യയും മറന്നുകളഞ്ഞ ഒരു താരത്തിന് സഹായമേകാന്‍ ഗാവസ്കര്‍ വേണ്ടിവന്നു. ഇതിനു മുന്‍പ് തന്നെ 21 വര്‍ഷക്കാലം ഗാവസ്കര്‍ ഗോപാലിന് ഓരോ മാസവും മുടങ്ങാതെ സഹായമെത്തിച്ചിരുന്നു. അപ്പോഴും ഹോക്കി ഇന്ത്യയും സര്‍ക്കാരും ഇങ്ങനെ ഒരാള്‍ ജീവിച്ചിരിക്കുന്നു എന്നുപോലും തിരക്കിയിരുന്നില്ല.
Content Highlights: Former Indian hockey player Gopal Bhengra passes away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..