കോഴിക്കോട്: നീണ്ട പ്രവാസജീവിതത്തിനുശേഷം നാട്ടില്‍ തിരിച്ചത്തിയ പി.കെ. മോഹന്‍ദാസ് എന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വടകരക്കാര്‍ക്ക് അപരിചിതനാണ്. കളരിയുടേയും വോളിബോളിന്റെയും പെരുമയേറെയുള്ള വടകരയില്‍ന്ന് ഒരാള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ സ്ഥാനം നേടിയകാര്യം അധികമാര്‍ക്കും അറിയില്ല.

ഇന്ത്യയിലെ മുന്‍നിര ടീമുകളിലൊന്നായിരുന്ന മുംബൈ ടാറ്റാസിന്റെ വിശ്വസ്തനായ ഗോള്‍കീപ്പര്‍ 38 വര്‍ഷങ്ങള്‍ക്കുശേഷമാണ് നാട്ടില്‍ തിരിച്ചെത്തിയത്. ചോറോട് കുട്ടാരിത്താഴെയുള്ള വീട്ടില്‍ വിശ്രമജീവിതം നയിക്കാനല്ല മോഹന്‍ദാസ് ലക്ഷ്യമിടുന്നത്. വടകരയില്‍നിന്ന് രാജ്യമറിയുന്ന ഫുട്‌ബോള്‍ താരങ്ങളെ വളര്‍ത്തിയെടുക്കണം. അതിനായി കുട്ടികളെ പരിശീലിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ദാസ്.

ഇന്ത്യന്‍ ജൂനിയര്‍, സീനിയര്‍ ടീമുകളില്‍ സ്ഥാനംനേടിയ മലയാളി ഗോള്‍കീപ്പര്‍ 1983-ല്‍ സന്തോഷ് ട്രോഫി നേടിയ മഹാരാഷ്ട്ര ടീമില്‍ അംഗമായിരുന്നു. കര്‍ണാടകയ്ക്കും മഹാരാഷ്ട്രക്കുമായി മൂന്നുതവണ വീതവും സര്‍വീസസിനായി രണ്ടുതവണയും സന്തോഷ് ട്രോഫിയില്‍ കളിച്ചു. ക്ലബ്ബ് തലത്തില്‍ എം.ഇ.ജി. ബെംഗളുരുവിനും ടാറ്റാസിനുമായാണ് ഗോള്‍വല കാത്തത്.

former indian footballer p k mohandas is looking for players in vadakara
പി.കെ. മോഹന്‍ദാസ്

മണിയൂര്‍ യു.പി.സ്‌കൂളിലെ ഏഴാംക്ലാസ് പഠനത്തിനുശേഷം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹൈസ്‌കൂളില്‍ ചേര്‍ന്നതാണ് മോഹന്‍ദാസിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. പട്ടാളത്തില്‍നിന്ന് വിരമിച്ചശേഷം പിതാവ് ചാത്തുക്കുട്ടി സി.സി. ട്രാന്‍സ്‌പോര്‍ട്ടില്‍ ജോലി സ്വീകരിച്ചതിനെത്തുടര്‍ന്നാണ് കുടുംബം കോഴിക്കോട്ടേക്ക് താമസം മാറ്റിയത്. ക്രിസ്ത്യന്‍ കോളേജ് സ്‌കൂളില്‍നിന്നാണ് കളിയുടെ ബാലപാഠങ്ങള്‍ സ്വായത്തമാക്കിയത്.

സ്‌കൂള്‍ പഠനത്തിനുശേഷം പ്രീഡിഗ്രിയും ക്രിസ്ത്യന്‍ കോളേജിലായിരുന്നു. കോളേജ് ടീമില്‍ സ്ഥാനംപിടിച്ച മോഹന്‍ദാസ് 1974-ല്‍ ജില്ലാ ജൂനിയര്‍ ടീമിലും സീനിയര്‍ ടീമിലും സ്ഥാനം നേടി. ജില്ലാ ലീഗില്‍ വെള്ളയില്‍ ബ്രീസിനായിരുന്നു കളിച്ചത്. കോഴിക്കോട് നാഗ്ജി ടൂര്‍ണമെന്റില്‍ ബ്രീസിനായി ഒ.കെ. മില്‍സിനെതിരെ നടത്തിയ ഉജ്വല പ്രകടനം മോഹന്‍ദാസിന് എം.ഇ.ജി. ടീമിലേക്ക് വഴിതുറന്നു. എം.ഇ.ജി. പരിശീലകന്‍ കേണല്‍ ബാലകൃഷ്ണന്‍ യുവഗോള്‍കീപ്പറുടെ പ്രകടനത്തില്‍ ആകൃഷ്ടനാവുകയായിരുന്നു.

ബെംഗളുരുവില്‍ എം.ഇ.ജി. ടീമിനൊപ്പം ചേര്‍ന്ന മോഹന്‍ദാസ് 1976-ല്‍ കര്‍ണാടക ജൂനിയര്‍ ടീമിലേക്കും തുടര്‍ന്ന് ഇന്ത്യന്‍ ജൂനിയര്‍ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1977-മുതല്‍ തുടരെ മൂന്നുവര്‍ഷം കര്‍ണാടക സന്തോഷ് ട്രോഫി ടീമില്‍ കളിച്ചു. അക്കാലത്തെ ഇന്ത്യയിലെ മുന്‍നിര ടീമിയിരുന്ന മുംബൈ ടാറ്റാസിലേക്കായിരുന്നു മലയാളി താരത്തിന്റെ അടുത്ത നീക്കം. ടാറ്റാസ് മാനേജ്‌മെന്റ് സമ്മര്‍ദം ചെലുത്തിയാണ് ആര്‍മി ടീമില്‍നിന്ന് മോഹന്‍ദാസിന് വിടുതല്‍ നല്‍കിയത്. ടാറ്റാ ചെയര്‍മാനായിരുന്ന ജെ.ആര്‍.ഡി. ടാറ്റയായിരുന്നു തന്റെ നിയമന ഉത്തരവില്‍ ഒപ്പുവെച്ചിരുന്നതെന്ന് മോഹന്‍ദാസ് ഓര്‍ക്കുന്നു.

1983-ലെ കൊച്ചി നെഹ്രുകപ്പ് അന്താരാഷ്ട്ര ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീം ക്യാമ്പിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1985-ല്‍ വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിലും സൗത്ത് ഏഷ്യന്‍ പര്യടനത്തിലും അംഗമായി.

കൊല്‍ക്കത്തയില്‍ 1983-ല്‍ പിയര്‍ലെസ് ട്രോഫി ഫൈനലില്‍ മോഹന്‍ബഗാനെ 2-1-ന് കീഴടക്കി ടാറ്റാസ് ചാമ്പ്യന്‍മാരായത് മോഹന്‍ദാസിന്റെ കളിജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൊന്നാണ്. കളിയില്‍നിന്ന് വിരമിച്ചശേഷം കോച്ചിങ്ങില്‍ സി.ഡി. ലൈസന്‍സുകള്‍ നേടിയാണ് മോഹന്‍ദാസ് പരിശീലനരംഗത്തിറങ്ങിയത്. മൂംബൈ അക്ബര്‍ ട്രാവല്‍സ്, റാലീസ് ഇന്ത്യ, രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് ടീമുകളുടെ കോച്ചായിരുന്നു. ഇരിങ്ങല്‍ പപ്പന്‍ മെമ്മോറിയല്‍ അക്കാദമിയുമായി സഹകരിച്ച് പരിശീലനം നല്‍കാനുള്ള പദ്ധതി തയ്യാറായിവരികയാണ്.

ഉഷയാണ് ഭാര്യ. മക്കള്‍ ഐ.ടി. പ്രഫഷണലുകളായ മോനികേഷും മോനിഷയും.

Content Highlights: former indian footballer p k mohandas is looking for players in vadakara