പ്രസന്നൻ
ഇന്ത്യയുടെ മുന്‍ ഫുട്‌ബോള്‍ താരമായ എം.പ്രസന്നന്‍ (73) അന്തരിച്ചു. ഇന്ത്യ കണ്ടതില്‍ വെച്ചേറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ പ്രസന്നന്‍ 1973-ലാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി ജഴ്‌സിയണിഞ്ഞത്.
1973-ലെ മെല്‍ഡേക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പ്രസന്നന്‍ ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടുകെട്ടി. അന്ന് ഇദ്ദേഹത്തെക്കൂടാതെ ചാത്തുണ്ണി, കെ.പി.സേതുമാധവന്‍, ഇ.എന്‍.സുധീര്‍ എന്നീ മലയാളികളും ടീമില്‍ ഇടം നേടിയിരുന്നു.
കോഴിക്കോട് സ്വദേശിയായ പ്രസന്നന്‍ സെന്റ് ജോസഫ് ബോയ്‌സ് ഹൈസ്‌ക്കൂളിന് വേണ്ടി കളിച്ചാണ് ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്. 1963-ല്‍ കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ ടീമില്‍ അംഗമായി. പിന്നാലെ എക്‌സലന്റ് സ്‌പോര്‍ട്‌സ് ക്ലബ്, യങ് ജെംസ്, യങ് ചലഞ്ചേഴ്‌സ് ക്ലബ് എന്നീ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയും അദ്ദേഹം കളിച്ചു. 1965-66 കാലഘട്ടത്ത് കേരള ജൂനിയര്‍ ഫുട്‌ബോള്‍ ടീമിലും 1968-69 വര്‍ഷങ്ങളില്‍ കേരള സീനിയര്‍ ഫുട്‌ബോള്‍ ടീമിലും അംഗമായി.
1970-ലാണ് പ്രസന്നന്‍ പ്രഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്. ടീമംഗവും സുഹൃത്തുമായ കെ.വി ഉസ്മാനൊപ്പം ഗോവയിലെ ഡെംപോ സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് ആദ്യമായി കളിച്ചത്. പ്രസന്നന്‍ ധരിക്കാറുള്ള ഹെഡ്ബാന്‍ഡും അദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈലും താടിയുമെല്ലാം അന്ന് ആരാധകരുടെ മനം കവര്‍ന്നു.
ഡെംപോ ഗോവയില്‍ കളിക്കുന്ന സമയത്താണ് അദ്ദേഹത്തിന് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനുള്ള അവസരം ലഭിക്കുന്നത്. പിന്നീട് മുംബൈയിലുള്ള സെന്‍ട്രല്‍ ബാങ്കില്‍ ചേര്‍ന്ന് ടീമിന്റെ ക്യാപ്റ്റനായി. കൊല്‍ക്കത്തയില്‍ നിന്നുമുള്ള മൂന്ന് വലിയ ക്ലബ്ബുകളുടെ ക്ഷണം നിരാകരിച്ചായിരുന്നു പ്രസന്നന്‍ സെന്‍ട്രല്‍ ബാങ്കിനായി ബൂട്ടുകെട്ടിയത്.
സെയ്ഥ് നാഗ്ജി, ചക്കോള ട്രോഫി, ശ്രീ നാരായണ ട്രോഫി, സ്റ്റാഫോര്‍ഡ് കപ്പ്, വിഠല്‍ ട്രോഫി, ബന്‍ഡോഡ്കര്‍ ഗോള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, റോവേഴ്‌സ് കപ്പ് തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ അദ്ദേഹം സെന്‍ട്രല്‍ ബാങ്ക് ഫുട്‌ബോള്‍ ടീമിനെ നയിച്ചു. കരിയറിന്റെ സുവര്‍ണ കാലഘട്ടത്തില്‍ സന്തോഷ് ട്രോഫിയില്‍ കേരളം, മഹാരാഷ്ട്ര, ഗോവ എന്നീ ടീമുകൾക്ക് വേണ്ടി ബൂട്ടുകെട്ടാന്‍ പ്രസന്നന് സാധിച്ചു.
പിന്നീട് പരിശീലകന്റെ കുപ്പായമണിഞ്ഞ പ്രസന്നന്‍ മഹാരാഷ്ട്രയിലെ ചില ക്ലബ്ബുകളെ പരിശീലിപ്പിച്ചു. വൈകാതെ മഹാരാഷ്ട്ര ജൂനിയര്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തു. ജൂനിയര്‍ ടീം മികച്ച പ്രകടനം കാഴ്ചവെച്ചതോടെ സീനിയര്‍ ടീമിനും അദ്ദേഹം പരിശീലകനായി. അദ്ദേഹത്തിന്റെ പരിശീലനത്തിന്റെ മികവില്‍ ലഖ്‌നൗവില്‍ വെച്ച് നടന്ന സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്ര രണ്ടാം സ്ഥാനം സ്വന്തമാക്കി.
Content Highlights: Former Indian footballer M Prasannan passed away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..