ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി.ബി. ചന്ദ്രശേഖറിനെ(57) ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. ചെന്നൈ മൈലാപ്പൂരിലെ വസതിയില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ചന്ദ്രശേഖറിനെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി റോയപേട്ട ആശുപത്രിയിലേക്ക് മാറ്റി. 

വ്യാഴാഴ്ച വൈകിട്ട് മുകള്‍നിലയിലെ മുറിയിലേക്ക് പോയ ചന്ദ്രശേഖര്‍ പിന്നീട് വാതില്‍ തുറന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഏറെനേരമായിട്ടും പ്രതികരണമില്ലാത്തതിനാല്‍ ഇവര്‍ ജനല്‍വഴി മുറിയില്‍ നോക്കിയപ്പോഴാണ് സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കാഞ്ചിവീരന്‍സ് എന്ന ടീമിന്റെ ഉടമയായിരുന്ന വി.ബി. ചന്ദ്രശേഖര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. മൂന്നുകോടി രൂപയാണ് അദ്ദേഹം കാഞ്ചിവീരന്‍സ് ടീമിനായി മുതല്‍മുടക്കിയിരുന്നത്. ഇതില്‍ നഷ്ടം സംഭവിച്ച് കടബാധ്യത വര്‍ധിച്ചെന്നും തുടര്‍ന്ന് ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനും ഗോവയ്ക്കും വേണ്ടി കളിച്ചിട്ടുള്ള വി.ബി. ചന്ദ്രശേഖര്‍ 1986-ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി തിളങ്ങിയ ചന്ദ്രശേഖര്‍ 1988-90 കാലഘട്ടത്തില്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ അംഗമായി. എട്ട് അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ജേഴ്‌സിയണിഞ്ഞു. ചെന്നൈയില്‍ ക്രിക്കറ്റ് പരിശീലന കേന്ദ്രം നടത്തിയിരുന്ന വി.ബി. ചന്ദ്രശേഖറിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡുമായി ഏറെ അടുപ്പമുണ്ടായിരുന്നു.  ചന്ദ്രശേഖറിന്റെ മരണത്തില്‍ ബി.സി.സി.ഐ.യും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും അനുശോചനം രേഖപ്പെടുത്തി. 

Content Highlights: former indian cricketer vb chandrasekhar commits suicide at his home in chennai