ഗുരുഗ്രാം (ഹരിയാന): ഇന്ത്യയുടെ മുന്‍ ബോക്‌സിങ് താരവും ഒളിമ്പ്യനുമായ മെഹ്താബ് സിങ് അന്തരിച്ചു. 72 വയസായിരുന്നു. ഗുരുഗ്രാമിലെ മനേസറിലെ വസതിയിലായിരുന്നു അന്ത്യം.
ഇന്ത്യയുടെ ബോക്‌സിങ് ഹബ് എന്നറിയപ്പെടുന്ന ഹരിയാനയിലെ ഭിവാനിയില്‍ നിന്നുള്ള ആദ്യ ഒളിമ്പ്യനായിരുന്നു മെഹ്താബ്. 1972-ലെ മ്യൂണിക്ക് ഒളിമ്പിക്‌സില്‍ പങ്കെടുത്ത മൂന്നംഗ ഇന്ത്യന്‍ ബോക്‌സിങ് ടീമില്‍ അംഗമായിരുന്നു.
21-ാം വയസില്‍ ബോക്‌സിങ്ങിലേക്ക് തിരിഞ്ഞ അദ്ദേഹം 1971 മുതല്‍ 1976 വരെ ദേശീയ തലത്തില്‍ ലൈറ്റ് ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്നു. അര്‍ജുന അവാര്‍ഡ് ജേതാവായ അദ്ദേഹം 1974-ലെ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡലും സ്വന്തമാക്കി.
1966-ല്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന അദ്ദേഹം 1994-ല്‍ ഓണററി ക്യാപ്റ്റനായാണ് വിരമിച്ചത്. തുടര്‍ന്ന് മോത്തിലാല്‍ നെഹ്‌റു സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ബോക്‌സിങ് പരിശീലകനായിരുന്നു. അതിനു ശേഷം ദേശീയ സെലക്ടറായും സേവനനമനുഷ്ഠിച്ചു.
Content Highlights: Former Indian boxer and Olympian Mehtab Singh dies at 72