മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സദാശിവ് രാവോജി പാട്ടീല്‍ (86) അന്തരിച്ചു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ കോലാപുരില്‍ റുയികര്‍ കോളനിയിലെ സ്വവസതിയിലായിരുന്നു അന്ത്യം. 

ഇന്ത്യയ്ക്കായി ഒരു ടെസ്റ്റ് മത്സരത്തില്‍ കളിച്ചിട്ടുണ്ട്. പാട്ടീലിന്റെ നിര്യാണത്തില്‍ ബി.സി.സി.ഐ അനുശോചിച്ചു. 

മീഡിയം പേസറായിരുന്ന പാട്ടീല്‍ 1952-1964 കാലഘട്ടത്തില്‍ മഹാരാഷ്ട്രയ്ക്കായി 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 866 റണ്‍സും 83 വിക്കറ്റുകളും നേടി. രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയെ നയിക്കുകയും ചെയ്തിട്ടുണ്ട്. 

1955-ല്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ന്യൂസീലന്‍ഡ് ടീമിനെതിരെയായിരുന്നു സദാശിവ് രാവോജി പാട്ടീലിന്റെ ഏക ടെസ്റ്റ് മത്സരം. പോളി ഉമ്രിഗറിന്റെ കീഴില്‍ ബ്രാബോണ്‍ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ഇന്ത്യ ഇന്നിങ്‌സിനും 27 റണ്‍സിനും ജയിച്ച മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലും അദ്ദേഹം ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: Former India player Sadashiv Raoji Patil died