പനാജി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ഏഷ്യാഡ് സ്വര്‍ണ മെഡല്‍ ജേതാവുമായ ഫോര്‍ച്യുനാറ്റോ ഫ്രാങ്കോ (84) അന്തരിച്ചു. 

1962 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു ഫ്രാങ്കോ എന്ന മിഡ്ഫീല്‍ഡര്‍.

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേനാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത അറിയിച്ചത്. മരണ കാരണം വ്യക്തമായിട്ടില്ല.

1960-കളില്‍ ഇന്ത്യയയുടെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. 1960-ലെ റോം ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 

Former India international footballer Fortunato Franco breathed his last

ഇന്ത്യയ്ക്കായി  26 മത്സരങ്ങളില്‍ കളിച്ച ഫ്രാങ്കോ 1962-ല്‍ ഏഷ്യന്‍ കപ്പില്‍ റണ്ണറപ്പായ ടീമിലും മെര്‍ദേക്ക കപ്പില്‍ 1964-ല്‍ വെള്ളിയും 1965-ല്‍ വെങ്കലവും നേടിയ ടീമിലും അംഗമായിരുന്നു. 

1959-നും 1966-നും ഇടയില്‍ സന്തോഷ് ട്രോഫിയില്‍ തുടര്‍ച്ചയായി എട്ടു വര്‍ഷം മഹാരാഷ്ട്രയെ നയിച്ചത് ഫ്രാങ്കോയായിരുന്നു. 1964-ല്‍ കിരീടവും സ്വന്തമാക്കി. 

ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസങ്ങളായ പി.കെ ബാനര്‍ജി, ചുനി ഗോസ്വാമി, തുളസിദാസ് ബലറാം, ജര്‍നെയ്ല്‍ സിങ് എന്നിവര്‍ക്കൊപ്പം ടീമിലെ പ്രധാനിയായിരുന്നു ഫ്രാങ്കോ. 

ആഭ്യന്തര തലത്തില്‍ മുംബൈയിലെ ടാറ്റ ഫുട്‌ബോള്‍ ക്ലബിനായും കരിയറിന്റെ അവസാന കാലത്ത് സാല്‍ഗോക്കറിനായും കളിച്ചു. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഫ്രാങ്കോയ്ക്ക് തന്റെ 30-ാം വയസില്‍ തന്നെ ബൂട്ടഴിക്കേണ്ടി വന്നു.

Content Highlights: Former India international footballer Fortunato Franco breathed his last