കൊളോറാഡോ: മുന്‍ ഇന്ത്യന്‍ പരിശീലകനും കളിക്കാരനുമായ ഹരേന്ദ്ര സിങ്ങിനെ അമേരിക്കന്‍ പുരുഷ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. 

കഴിഞ്ഞ മുപ്പതോളം വര്‍ഷങ്ങളായി ഹോക്കി രംഗത്ത് സജീവ സാന്നിധ്യമാണ് ഹരേന്ദ്ര സിങ്. 2017-18 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ പുരുഷ ടീമിന്റെ പരിശീലകനായിരുന്ന ഇദ്ദേഹം അതിനുമുന്‍പ് ഇന്ത്യന്‍ വനിതാടീമിന്റെ പരിശീലകനുമായിരുന്നു.

ഹരേന്ദ്രയ്ക്ക് കീഴില്‍ ഇന്ത്യന്‍ ഹോക്കി ടീം 2018 ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ സ്വര്‍ണം നേടിയിരുന്നു. അതേ വര്‍ഷം ഒഡിഷയിലെ ഭുവനേശ്വറില്‍ വെച്ച് നടന്ന പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ അഞ്ചാമതെത്തിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു. 

2018-ല്‍ തന്നെ ഹരേന്ദ്രയ്ക്ക് കീഴില്‍ ഇന്ത്യന്‍ ടീം ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളിമെഡലും ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും സ്വന്തമാക്കിയിരുന്നു.

Content Highlights: Former India hockey coach Harendra Singh named head coach of US men's team