ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പ്രശാന്ത ഡോറ (44) അന്തരിച്ചു. അപൂര്‍വ രോഗം ബാധിച്ച് ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് തുടങ്ങി കൊല്‍ക്കത്തയിലെ മൂന്ന് മുന്‍നിര ക്ലബ്ബുകളുടെ ഗോള്‍വല കാത്ത താരമാണ് പ്രശാന്ത ഡോറ.

2020 ഡിസംബറില്‍ ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ് (എച്ച്.എല്‍.എച്ച്) എന്ന രോഗം ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ബാധിച്ച് അണുബാധയിലേക്കോ അര്‍ബുദത്തിലേക്കോ നയിക്കുന്നതാണ് ഈ രോഗം.

താരത്തിന്റെ സഹോദരന്‍ ഹേമന്ദ ഡോറയാണ് മരണ വിവരം അറിയിച്ചത്. ഭാര്യ സൗമിയും 12 വയസുകാരന്‍ മകന്‍ ആദിയുമാണ് പ്രശാന്തയ്ക്കുള്ളത്.

1999-ലെ ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ തായ്‌ലന്‍ഡിനെതിരേ നടന്ന ഹോം മത്സരത്തിലാണ് പ്രശാന്ത ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് സാഫ് ഗെയിംസില്‍ ഇന്ത്യയ്ക്കായി അഞ്ചു മത്സരങ്ങള്‍ കളിച്ചു.

1997-98, 1999 വര്‍ഷങ്ങളില്‍ സന്തോഷ് ട്രോഫി നേടിയ ബംഗാള്‍ ടീമില്‍ അംഗമായിരുന്ന അദ്ദേഹം മികച്ച ഗോള്‍ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Content Highlights: Former India Goalkeeper Prasanta Dora Dies Of Rare Disease