ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍.പി സിങ്ങിന്റെ പിതാവ് ശിവ പ്രസാദ് സിങ് ബുധനാഴ്ച കോവിഡ് ബാധിച്ച് മരിച്ചു.

കോവിഡ് മൂലം കുടുംബാംഗത്തെ നഷ്ടമാകുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ആര്‍.പി സിങ്.

സോഷ്യല്‍ മീഡിയയിലൂടെ പിതാവിന്റെ മരണ വാര്‍ത്ത ആര്‍.പി സിങ് തന്നെയാണ് അറിയിച്ചത്. 

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂര്‍ത്തിക്ക് അമ്മയേയും സഹോദരിയേയും നഷ്ടമായപ്പോള്‍ തിങ്കളാഴ്ച  പിയൂഷ് ചൗളയ്ക്ക് പിതാവിനെ നഷ്ടമായിരുന്നു. ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി കളിച്ച ചേതന്‍ സക്കറിയക്കും കോവിഡ് മൂലം പിതാവിനെ നഷ്ടമായിരുന്നു. 

2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി കളിച്ച ആര്‍.പി 14 ടെസ്റ്റിലും 58 ഏകദിനങ്ങളിലും 10 ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടുണ്ട്.

Content Highlights: Former India fast bowler RP Singh lost his father due to Covid-19