ലുധിയാന: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ (66) അന്തരിച്ചു. കപില്‍ദേവിന്റെ നേതൃത്വത്തില്‍ 1983ല്‍ ഏകദിന ലോകകപ്പ് നേടി ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് ജന്മനാടായ ലുധിയാനയിലായിരുന്നു അന്ത്യം.

ഒരുപോലെ പ്രതിരോധത്തിനും ആക്രമണത്തിനും പേരുകേട്ട മികച്ച  മധ്യനിര ബാറ്റ്‌സ്മാനായിരുന്ന ശര്‍മ ഇന്ത്യയ്ക്കുവേണ്ടി 37 ടെസ്റ്റും 42 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 1,606 റണ്‍സും ഏകദിനത്തില്‍ 883 റണ്‍സുമാണ് സമ്പാദ്യം. 140 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 89 ഉം.

പഞ്ചാബിലെ ലുധിയാനയിലായിരുന്നു ജനനം. സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജമ്മു കശ്മീരിനെതിരേ പഞ്ചാബിനുവേണ്ടി 260 റണ്‍സ് നേടിയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. വൈകാതെ സംസ്ഥാന ടീമിലെത്തി. ദുലീപ് ട്രോഫിയില്‍ ചന്ദ്രശേഖര്‍, പ്രസന്ന, വെങ്കിട്ടരാഘന്‍ സ്പിന്‍ ത്രയം അണിനിരന്ന ദക്ഷിണ മേഖലാ ടീമിനെതിരേ നേടിയ 173 റണ്‍സാണ് ഏറ്റവും മികച്ച പ്രകടനം. ഇറാനി ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ കുപ്പായം ലഭിച്ചത്. പാകിസ്താനെതിരേയായിരുന്നു അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ഇംഗ്ലണ്ടിനെതിരേ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു. അതേ വര്‍ഷം ഇന്ത്യയുടെ ലോകകപ്പ് ടീമിലും ഇടം നേടിയെങ്കിലും ഒരൊറ്റ മത്സരം പോലും കളിക്കാനായില്ല. ഓസ്‌ട്രേലിയക്കെതിരേയായിരുന്നു ആദ്യ ടെസ്റ്റ് സെഞ്ചുറി.  ഇന്ത്യയില്‍ പര്യടനം നടത്തിയ ഇംഗ്ലണ്ടിനെതിരേയും മികച്ച പ്രകടനമാണ് ശര്‍മ പുറത്തെടുത്തത്. തൊട്ടടുത്ത വര്‍ഷം മാല്‍ക്കം മാര്‍ഷലിന്റെ ബൗണ്‍സര്‍ തലയ്ക്കിടിച്ച് പരിക്കേല്‍ക്കുകയും ചെയ്തു.

ഇതിനുശേഷമാണ് 1983ലെ ലോകകപ്പ് ടീമില്‍ ഇടം നേടിയ്. ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിലെ ടോപ് സ്‌കോറര്‍ ശര്‍മയായിരുന്നു. 89 റണ്‍സായിരുന്നു സംഭാവന. ഇന്ത്യ 34 റൺസിന് വിജയിച്ച മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും ശർമയായിരുന്നു. 83 ലോകകപ്പിലെ ആദ്യ മത്സരമായിരുന്നു ഇത്. ഇംഗ്ലണ്ടിനെതിരായ സെമിയലും 61 റണ്‍സെടുത്ത ശര്‍മ ടോപ് സ്‌കോററായി. ഈ മത്സരത്തില്‍ എടുത്തുപറയേണ്ട ഒന്നായിരുന്നു ബോബ് വില്ലീസിന്റെ ഒരു യോക്കറിന് സമാനമായ പന്ത് സ്‌ക്വയര്‍ ലെഗിലൂടെ പറത്തിയ സിക്‌സ്.

തുടര്‍ന്ന് നടന്ന പാക് പരമ്പരയിലെ മോശം ഫോമിനെ തുടര്‍ന്ന് ശര്‍മ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നീട് ഹരിയാണ, റെയില്‍വെസ് ടീമുകള്‍ക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ച ശര്‍മ മുപ്പത്തിയേഴാം വയസില്‍ വിരമിച്ചു. പാഡഴിച്ചശേഷം കുറച്ചുകാലം അമ്പയറായും ഉത്തര്‍പ്രദേശിന്റെ പരിശീലകനായും ദേശീയ ടീമിന്റെ സെലക്ടറായും സേവനമനുഷ്ഠിച്ചു.

ഇന്ത്യയുടെ 83 ലെ ലോകകപ്പ് വിജയത്തിന്റെ കഥ പറയുന്ന 83  എന്ന ചിത്രത്തില്‍ ജതിന്‍ ശര്‍മയാണ് യശ്പാല്‍ ശര്‍മയുടെ വേഷം ചെയ്യുന്നത്.

Content Highlights: Former India cricketer Yashpal Sharma 1983 World Cup winner, dies due to heart attack


Watch Video

Counter

ചരിത്രപ്രസിദ്ധമായ ഒരു കള്ളനോട്ടടിയുടെ കഥ | Life Reel and Real