ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിക്കു പിന്നാലെ ചൊവ്വാഴ്ച കോവിഡ്-19 പ്രതിരോധ മരുന്നിന്റെ ആദ്യ ഡോസ് സ്വീകരിച്ച് മുന്‍ താരം മദന്‍ ലാലും. 

രണ്ടാം ഘട്ട വാക്‌സിന്‍ വിതരണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ന്യൂഡല്‍ഹിയിലെ ജീവന്‍ ഹോസ്പിറ്റല്‍ ആന്റ് നേഴ്‌സിങ് ഹോമില്‍ നിന്നാണ് മദന്‍ ലാല്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്. 

'കോവിഡ് 19-ന് എതിരായ പോരാട്ടം. വാക്‌സിന്‍ സ്വീകരിച്ചതില്‍ അഭിമാനിക്കുന്നു. ജീവന്‍ ഹോസ്പിറ്റല്‍ ആന്റ് നേഴ്‌സിങ് ഹോം ഇത് നന്നായി സംഘടിപ്പിച്ചു.', കുത്തിവെയ്പ്പ് എടുക്കുന്ന ചിത്രത്തിനൊപ്പം മദന്‍ ലാല്‍ കുറിച്ചു. 

നേരത്തെ അഹമ്മദാബാദിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് രവി ശാസ്ത്രി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ വാക്സിനേഷന്‍ തിങ്കളാഴ്ച മുതലാണ് രാജ്യമെമ്പാടും ആരംഭിച്ചത്. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം പ്രതിരോധ കുത്തിവയ്പ്പെടുത്തിരുന്നു.

Content Highlights: former India cricketer Madan Lal also gets 1st dose of COVID-19 vaccine