ബെംഗളൂരു: കര്‍ണാടക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡറാണ് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്. എന്നാല്‍ ദ്രാവിഡിന് ഈ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതാണ് കാരണം. 

2018-ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ദ്രാവിഡ് ബാംഗ്ലൂർ സെൻട്രൽ ലോക്​സഭാ മണ്ഡലത്തിലെ ഇന്ദിരാ നഗറില്‍ നിന്ന് താമസം മാറിയിരുന്നു. ഇപ്പോള്‍ താമസിക്കുന്ന അശ്വത്ഥ് നഗര്‍ ബാംഗ്ലൂർ നോർത്ത് ലോക്​സഭാ മണ്ഡലത്തിലാണ് ഉൾപ്പെടുന്നത്. ഇതോടെ ദ്രാവിഡിന്റെ സഹോദരന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കാനുള്ള ഫോം നല്‍കിയിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുകയും ചെയ്തു. എന്നാല്‍  പുതിയ മണ്ഡലത്തില്‍ പേര് ചേര്‍ക്കാനുള്ള ഫോം ദ്രാവിഡ് പൂരിപ്പിച്ച് നല്‍കിയില്ല. ഇതോടെയാണ് താരത്തിന് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമായത്.

ദ്രാവിഡ് തന്നെ ഫോം സമര്‍പ്പിച്ചാല്‍ മാത്രമേ പുതിയ മണ്ഡലത്തില്‍ പേര് ചേര്‍ക്കാന്‍ സാധിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് തവണ ദ്രാവിഡിന്റെ വീട്ടില്‍ ചെന്നെങ്കിലും അവിടെ ആരുമില്ലായിരുന്നുവെന്നും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ രൂപ വ്യക്തമാക്കി. 

ഇപ്പോള്‍ സ്‌പെയ്‌നിലാണ് ദ്രാവിഡ്. വോട്ട് ചെയ്യാനായി ഇന്ത്യയിലെത്താന്‍ താരം തീരുമാനിച്ചിരുന്നു. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്തതിനാല്‍ താരം വോട്ട് ചെയ്യാനുള്ള സാധ്യത ഇല്ല. 

അതേസമയം ദ്രാവിഡിന്റെ ചിത്രങ്ങളുള്ള പരസ്യ ബോര്‍ഡുകള്‍ കര്‍ണാടകയില്‍ നിരവധി സ്ഥലങ്ങളിലുണ്ട്. പൊതുജനത്തെ വോട്ട് ചെയ്യാന്‍ ബോധവത്കരിക്കുന്നതാണ് ഈ ബോര്‍ഡുകളെല്ലാം. അങ്ങനെ ബ്രാന്‍ഡ് അംബാസിഡറായ, എല്ലാവര്‍ക്കും മാതൃകയായ ഒരു വ്യക്തിക്ക് വോട്ട് ഇല്ലാത്തതിനെ വിമര്‍ശിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. 

Content Highlights: Former India Captain Rahul Dravid Will Not be Able to Vote