ന്യൂഡല്‍ഹി: പ്രശസ്ത ക്ലബ്ബ് ക്രിക്കറ്റ് താരവും ഡല്‍ഹി അണ്ടര്‍ 19 ടീം സപ്പോര്‍ട്ട് സ്റ്റാഫുമായ സഞ്ജയ് ദോബല്‍ (53) കോവിഡ്-19 ബാധിച്ച് മരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. പ്രസിദ്ധമായ സോന്നറ്റ് ക്രിക്കറ്റ് ക്ലബ്ബിന്റെ താരമായിരുന്നു. 

കഠിനമായ ന്യുമോണിയ ബാധിച്ച ദോബല്‍ വിവിധ പരിശോധനകള്‍ക്ക് വിധേയനായിരുന്നു. എങ്കിലും മൂന്ന് ആഴ്ചകള്‍ക്കു ശേഷമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

ഒരാഴ്ച മുമ്പാണ് ന്യുമോണിയ ബാധിച്ച ദോബലിനെ ബഹാദുര്‍ഗഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീട് കോവിഡ് സ്ഥിരീകരിച്ചതോടെ ദ്വാരക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ദോബലിന്റെ മൂത്ത മകന്‍ സിദ്ധാര്‍ഥ് രാജസ്ഥാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമാണ്. ഇളയമകന്‍ എകാന്‍ഷ് ഡല്‍ഹി അണ്ടര്‍ 23 ടീമിനായി കളിക്കുന്നു.

ഡി.ഡി.സി.എ സെക്രട്ടറി വിനോദ് തിഹാര, മുന്‍ ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന, ഡല്‍ഹി താരങ്ങളായിരുന്ന മദന്‍ ലാല്‍, മിഥുന്‍ മന്‍ഹാസ് എന്നിവര്‍ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Content Highlights: former Delhi club cricketer Sanjay Dobal dies due to Covid-19