കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായി സൗരവ് ഗാംഗുലിക്ക് പിന്നാലെ മുന്‍ ലോക ചെസ്സ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്റെ ജീവിതവും സിനിമയാകുന്നു.

ബുധനാഴ്ച കൊല്‍ക്കത്തയില്‍ വെച്ച് ആനന്ദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

''ബയോപിക്കിന്റെ കാര്യത്തില്‍ ഞാന്‍ സമ്മതം മൂളിയിട്ടുണ്ട്. ഇക്കാര്യം നേരത്തെ തന്നെ നിര്‍മ്മാതാവുമായി നിരവധി തവണ ചര്‍ച്ച ചെയ്തതാണ്. തിരക്കഥയുമായി ബന്ധപ്പെട്ട ജോലികള്‍ ഉടന്‍ തന്നെ ആരംഭിക്കും. എന്നാല്‍ കോവിഡ് കാരണം സിനിമയുമായി ബന്ധപ്പെട്ട ജോലികളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. ഇനി എല്ലാം വളരെ വേഗം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബയോപിക്കിനെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പറയാനാകില്ല. ഷൂട്ടിംഗ് എപ്പോള്‍ എങ്ങനെ തുടങ്ങും എന്നറിയില്ല. കുറച്ച് ദിവസത്തേക്ക് കാത്തിരിക്കൂ.'' - ആനന്ദ് ന്യൂസ് 18-ന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. 

തനു വെഡ്‌സ് മനു എന്ന ചിത്രത്തിന്റെ സംവിധായകനായ ആനന്ദ് എല്‍ റായിയാകും തന്റെ ബയോപിക്കിന്റെ സംവിധാനം നിര്‍വഹിക്കുകയെന്നും ആനന്ദ് അറിയിച്ചു. 

ബോളിവുഡ് താരം ആമിര്‍ ഖാന്‍ തന്റെ റോള്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും വിശ്വനാഥന്‍ ആനന്ദ് കൂട്ടിച്ചേര്‍ത്തു.

Content Highlights: former chess champion viswanathan anand confirms biopic