ദോഹ: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ ഇതിഹാസ താരവും ഖത്തർ ക്ലബ്ബ് അൽ-സദ്ദിന്റെ മുഖ്യ പരിശീലകനുമായ സാവി ഹെർണാണ്ടസ് കോവിഡ് മുക്തനായി.

ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സാവി തന്നെയാണ് രോഗം ഭേദമായതായി അറിയിച്ചത്. രോഗ വിവരം അറിഞ്ഞ് സന്ദേശമയച്ചവർക്ക് നന്ദി അറിയിക്കുന്നതായും സാവി കുറിച്ചു. വീട്ടിൽ തിരിച്ചെത്തിയെന്നും ഇപ്പോൾ കുടുംബത്തോടൊപ്പമാണ് താനെന്നും താരം വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ചയാണ് സാവി കോവിഡ് ബാധിതനാണെന്ന വാർത്ത അൽ-സദ്ദ് ക്ലബ്ബ് പുറത്തുവിട്ടത്. കോവിഡ് രോഗവ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഖത്തർ സ്റ്റാർസ് ലീഗ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കോവിഡ് പരിശോധനയിലാണ് മുൻ സ്പാനിഷ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അൽ ഖോർ ക്ലബ്ബിനെതിരായ മത്സരത്തിൽ ടീമിനൊപ്പമുണ്ടാകാൻ താരത്തിന് സാധിച്ചിരുന്നില്ല.

1998 മുതൽ 2015 വരെ ബാഴ്സക്കായി കളിച്ച ശേഷമാണ് സാവി ഖത്തറിലേക്ക് തട്ടകം മാറ്റിയത്. 2015 മുതൽ 2019 വരെ അൽ സദ്ദിനായി കളിച്ച സാവി അതിനുശേഷം പരിശീലകവേഷത്തിലെത്തുകയായിരുന്നു.

Content Highlights: Former Barcelona star Xavi Hernandez has recovered from covid 19