സിഡ്‌നി: സര്‍ഫിങ്ങിനിടെ അപകടം പറ്റിയ ഓസ്‌ട്രേലിയയുടെ മുന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന് ഗുരുതര പരിക്ക്. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായ പരിക്കേറ്റ ഹെയ്ഡനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ക്യൂന്‍സ്‌ലാന്‍ഡില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ വെള്ളിയാഴ്ച്ചയാണ് സംഭവം. മകന്‍ ജോഷിനോടൊപ്പം സ്റ്റ്രാഡ്‌ബ്രോക്ക് ദ്വീപില്‍ സര്‍ഫിങ്ങിനിടെ തിരമാലകള്‍ക്കുള്ളില്‍പ്പെട്ട്‌ ഹെയ്ഡന് പരിക്കേല്‍ക്കുകയായിരുന്നു.  ഉടനത്തന്നെ താരത്തെ അടുത്തുള്ള ആശുപ്രതിയിലെത്തിച്ചു. 

പിന്നീട് നെറ്റിയില്‍ മുറിവേറ്റ് രക്തം വരുന്ന തന്റെ ചിത്രത്തോടൊപ്പം ഹെയ്ഡന്‍ ഇന്‍സ്റ്റഗ്രാമിലൂടെ എല്ലാവരേയും വിവരമറിയിക്കുകയായിരുന്നു. 'കുറച്ച് ദിവസത്തേക്ക് കളി നിര്‍ത്തിവെച്ചു' എന്ന കുറിപ്പോടെയായിരുന്നു ഈ പോസ്റ്റ്. 

കഴുത്തിലെ മൂന്ന് ഞരമ്പുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരു ബുള്ളറ്റില്‍ നിന്ന് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഒഴിഞ്ഞുമാറിയത് പോലെയാണ് ഇപ്പോള്‍ തോന്നുന്നത്. എന്നെ ആശുപത്രിയിലെത്തിച്ച, സഹായിച്ച എല്ലാവരോടും നന്ദി പറയുന്നു. എത്രയും പെട്ടെന്ന് പരിക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷ. ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

നാല്‍പ്പത്തിയാറുകാരനായ ഹെയ്ഡന്‍ ഓസ്‌ട്രേലിയക്കായി നൂറിലധികം ടെസ്റ്റ് കളിച്ചിട്ടുണ്ട്. 30 സെഞ്ചുറിയും 29 അര്‍ദ്ധ സെഞ്ചുറിയുമടക്കം 8625 റണ്‍സാണ് ഈ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ടെസ്റ്റില്‍ അടിച്ചെടുത്തത്. 161 ഏകദിനവും ഒമ്പത് ടിട്വന്റിയും കളിച്ചു. ഏകദിനത്തില്‍ പത്ത് സെഞ്ചുറിയടക്കം 6133 റണ്‍സ് നേടി.

mathew hayden

mathew hayden

Content Highlights: Former Australia Opener Matthew Hayden Suffers Spine Fracture After Freak Surfing Accident