സിഡ്‌നി: ഓസ്‌ട്രേലിയയുടെ മുന്‍താരവും കമന്റേറ്ററുമായ മൈക്കല്‍ സ്ലേറ്റര്‍ ഗാര്‍ഹിക പീഡനക്കേസില്‍ അറസ്റ്റില്‍. സിഡ്‌നിയിലെ വീട്ടില്‍ നിന്നാണ് താരത്തെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞാഴ്ച്ച നടന്ന ഒരു സംഭവത്തെ തുടര്‍ന്നാണ് മുന്‍ ക്രിക്കറ്റ് താരത്തെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കിയ ന്യൂസൗത്ത് വെയ്ല്‍സ് പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിശദമായി ചോദ്യം ചെയ്യുന്നതിനുവേണ്ടിയാണ് 51-കാരനായ താരത്തെ അറസ്റ്റ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി. 

ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്രതാപകാലത്ത്  ദേശീയ ടീമില്‍ സ്ഥിരസാന്നിധ്യമായിരുന്നു ഓപ്പണിങ് ബാറ്ററായ സ്ലേറ്റര്‍. 1993 മുതല്‍ 2001 വരെയുള്ള കാലയളവില്‍ ഓസീസിനായി 74 ടെസ്റ്റുകളും 42 ഏകദിനങ്ങളും കളിച്ചു. ടെസ്‌റില്‍ 5312 റണ്‍സും ഏകദിനത്തില്‍ 987 റണ്‍സുമാണ് സമ്പാദ്യം. വിരമിച്ച ശേഷം കമന്റേറ്ററുടെ റോളില്‍ ക്രിക്കറ്റ് കളങ്ങളില്‍ സജീവമായിരുന്നു. 

ലഹരി മരുന്നിന്റെ അടിമയായ സ്ലേറ്റര്‍ ഭാര്യയുമായി വഴക്കിട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓസ്‌ട്രേലിയയിലെ ടിവി അവതാരകയായ ജോ സ്ലേറ്ററാണ് ഭാര്യ.  2005 മുതല്‍ പ്രണത്തിലായിരുന്ന ഇരുവരും നാല് വര്‍ഷത്തിന് ശേഷം വിവാഹിതരാകുകയായിരുന്നു. സ്ലേറ്ററെ വിഷാദരോഗത്തില്‍ നിന്ന് ജീവിതത്തേലിക്ക് തിരിച്ചുകൊണ്ടുവന്നത് ജോയാണ്. ഇരുവര്‍ക്കും മൂന്നു മക്കളുണ്ട്. 

ഈ വര്‍ഷം മെയ് മാസത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസിനെതിരേ കടുത്ത വിമര്‍ശനവുമായി ഓസീസ് താരം രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ കൈകളില്‍ ചോരക്കറയുണ്ടെന്നായിരുന്നു സ്ലേറ്ററിന്റെ പരാമര്‍ശം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയിലുള്ള ഓസ്‌ട്രേലിയക്കാര്‍ക്ക് നാട്ടില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു സ്ലേറ്ററുടെ വിമര്‍ശനം. ആ സമയത്ത് ഐപിഎല്ലുമായി ബന്ധപ്പെട്ട് ഇന്ത്യയിലായിരുന്നു സ്ലേറ്റര്‍. 

Content Highlights: Former Australia cricketer Michael Slater arrested for domestic violence incident