v.v.vinodകോഴിക്കോട്: കേരളത്തിന്റെ മുന്‍ അത്‌ലറ്റ് വി.വി.വിനോദ്കുമാര്‍ (49) അന്തരിച്ചു. കോഴിക്കോട് പി.എസ്.സി ഓഫീസില്‍ സെക്ഷന്‍ ഓഫീസറായിരുന്നു. കോഴിക്കോട് മാവൂര്‍ കണ്ണിപറമ്പ് പടാരുകുളങ്ങര സ്വദേശിയാണ്. ശസ്ത്രക്രിയക്ക് വിധേയനായി ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

കേരളത്തിനുവേണ്ടി പുണെ ദേശീയ ഗെയിംസില്‍ 100 മീറ്ററില്‍ വെള്ളി മെഡല്‍ നേടിയിട്ടുണ്ട്. സാഫ് ഗെയിംസിലും മത്സരിച്ചിട്ടുണ്ട്. കോഴിക്കോട് ദേവഗിരി കോളേജ് വിദ്യാര്‍ഥിയായിരുന്ന വിനോദ് കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടത്തില്‍ വിജയിയായിരുന്നു.

കേരള പോലീസില്‍ എ.എസ്.ഐ ആയിട്ടായിരുന്നു സേവനം ആരംഭിച്ചത്. പിന്നീട് രാജിവച്ച് പി.എസ്.സിയില്‍ ചേരുകയായിരുന്നു.

പരേതനായ വി.കെ.വാസുവിന്റെയും ജി.ലളിതമ്മാളിന്റെയും മകനാണ്. ഭാര്യ: ലസിക വിനോദ് (ഫുഡ് സേഫ്റ്റി ഓഫീസര്‍). മക്കള്‍: അഖിലേഷ്.വി.കെ, ആര്‍ദ്രിക.വി.കെ. സഹോദരങ്ങള്‍: അജയകുമാര്‍ (ദുബായ്), സന്തോഷ് കുമാര്‍ (ബഹ്‌റൈന്‍), ബിജുകുമാര്‍  (ബഹ്‌റൈന്‍), അനില്‍കുമാര്‍ (മാവൂര്‍).

സംസ്‌കാരം നവംബര്‍ ഒന്നിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.

Content Highlights: VVVinodKumar, Athletics