ബ്യൂണസ് ഐറിസ്: തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയ്ക്ക് പിന്‍വാങ്ങല്‍ ലക്ഷണങ്ങളും (വിത്ത്ഡ്രോവല്‍ സിംപ്റ്റംസ്). ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ മയക്കിക്കിടത്തിയിരിക്കുകയാണ് (സെഡേഷന്‍). 

മാറഡോണ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും പക്ഷേ ഉടന്‍ ആശുപത്രി വിടാനാകില്ലെന്നും അദ്ദേഹത്തിന്റെ ഡോക്ടര്‍ ലിയോപോള്‍ഡോ ലൂക്ക് അറിയിച്ചു. നേരത്തെ ലഹരി ഉപയോഗം പല അവസരങ്ങളിലും മാറഡോണയെ മരണത്തിന്റെ വക്കോളം കൊണ്ടെത്തിച്ചിട്ടുണ്ട്. ക്യൂബയിലടക്കം അദ്ദേഹം ലഹരി വിമുക്ത ചികിത്സയ്ക്ക് വിധേയനാകുകയും ചെയ്തിരുന്നു.

വിഷാദ രോഗത്തെത്തുടര്‍ന്നാണ് താരത്തെ ബ്യൂണസ് ഐറിസിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയ്ക്കിടെ സ്‌കാനിങ്ങിലൂടെയാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 80 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് അദ്ദേഹത്തിന്റെ തലച്ചോറിലെ കട്ടപിടിച്ച രക്തം നീക്കം ചെയ്തത്.

Content Highlights: football legend Diego Maradona sedated to help cope with the withdrawal symptoms