തിരുവനന്തപുരം: ലോക വനിതാ ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ക്രിക്കറ്റ് ക്ലബ്ബിന് തുടക്കമായി. ട്രാവന്‍കൂര്‍ ഗേള്‍സ് ക്രിക്കറ്റ് ക്ലബ്ബ് എന്നാണ് പേര്. ഇതിന്റെ ലോഗോ പ്രകാശനം കേരള ആരോഗ്യ സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി കെ.കെ ശൈലജ നിര്‍വഹിച്ചു.

ഏറെ ജനപ്രീതിയാര്‍ജിച്ച ക്രിക്കറ്റ് എന്ന മാധ്യമത്തെ അടിസ്ഥാനമാക്കി പെണ്‍കുട്ടികള്‍ക്ക് വേണ്ടി കായിക പരിശീലനം പ്രോത്സാഹനവും നല്‍കി അവരെ നാളെത്തെ കരുത്തുറ്റ വനിതകളാക്കി വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോട് കൂടിയുള്ള ഒരു കൂട്ടം ക്രിക്കറ്റ് പ്രേമികളുടെ സംരംഭമാണ് ട്രാവന്‍കൂര്‍ ഗേള്‍സ് ക്രിക്കറ്റ് ക്ലബ്. 

റീ ഡിഫൈനിങ് ബൗണ്ടറീസ് എന്ന ക്ലബിന്റെ ടാഗ് ലൈന്‍ സൂചിപ്പിക്കുന്നതു പോലെ ക്രിക്കറ്റിലുടെ വിശാലമായ ലോകം പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ തുറന്നു കൊടുക്കുക, അവരെ കരുത്തരാക്കുക എന്നീ ലക്ഷ്യങ്ങളുള്ള പെണ്‍കുട്ടികളുടെ ഉന്നമനം ലക്ഷ്യമിടുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സംരഭമാണിത്.

1955-ലെ സൊസൈറ്റി ചാരിറ്റബിള്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ക്ലബില്‍ സീനിയര്‍, ജൂനിയര്‍ ടീമിനെ പ്രതിനിധീകരിച്ചു സ്റ്റേറ്റ്, സോണല്‍, ഡിസ്ട്രിക്റ്റ് മത്സരങ്ങളില്‍ മാറ്റുരച്ചിട്ടുള്ള വിവിധ പ്രായത്തില്‍പ്പെട്ട പെണ്‍കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്.

Content Highlights:first women cricket club travancore girls cricket club