കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ക്രിക്കറ്റും ഫുട്‌ബോളും വഴങ്ങുമെന്ന് ഫിഫ. കലൂരിലേത് ക്രിക്കറ്റിനും ഫുട്‌ബോളിനും യോജിക്കുന്ന ടര്‍ഫാണെന്ന് ഫിഫ വ്യക്തമാക്കി. കലൂര്‍ ഉള്‍പ്പെടെയുള്ള വേദികളില്‍ നടന്ന അണ്ടര്‍-17 ഫുട്‌ബോള്‍ ലോകകപ്പിന്റെ ടൂര്‍ണമെന്റ് ഡയറക്ടറായിരുന്ന ജാവിയര്‍ സെപ്പിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്വീറ്റിലൂടെയായിരുന്നു സെപ്പിയുടെ പ്രതികരണം. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നവംബര്‍ ഒന്നിന് ക്രിക്കറ്റ് മത്സരം നടത്താനുള്ള തീരുമാനത്തിനെതിരെ ഫുട്ബോള്‍ താരങ്ങളുടെയും ഫുട്ബോള്‍ പ്രേമികളുടെയും പ്രതിഷേധം പുകയുന്ന പശ്ചാത്തലത്തിലാണ് ഫിഫ നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. 

ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം നവീകരിച്ചപ്പോള്‍ ഐസിസി മാനദണ്ഡം അനുസരിച്ചുള്ള ബെര്‍മുഡ ഗ്രാസാണ് ഉപയോഗിച്ചത്. രണ്ട് കായിക ഇനങ്ങളും നടത്താനുള്ള സൗകര്യത്തിന് വേണ്ടിയാണ് ബെര്‍മുഡ ഗ്രാസ് ഉപയോഗിച്ചതെന്നും സെപ്പി ട്വീറ്റ് ചെയ്തു. എന്നാല്‍ ക്രിക്കറ്റ് നടത്തി ഒരു മാസമെങ്കിലും കഴിഞ്ഞാലേ ഫുട്ബോള്‍ മത്സരത്തിന് ആവശ്യമായ രീതിയില്‍ പുല്ല് വളരൂ എന്നും സെപ്പി വ്യക്തമാക്കുന്നു. കൊച്ചിയില്‍ നടത്താനിരിക്കുന്ന ഏകദിനവും ഐ.എസ്.എല്‍ മത്സരങ്ങളും തമ്മില്‍ ഇത്രയും വ്യത്യാസമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഐ.എസ്.എല്‍ സീസണ് തൊട്ടുമുമ്പ് കലൂരില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സേവ് കൊച്ചി ടര്‍ഫ് എന്ന ഹാഷ്ടാഗോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നത്. ഫുട്ബോളിനായി വീണ്ടും ഗ്രൗണ്ട് ഒരുക്കിയാലും ഇപ്പോഴുള്ള നിലവാരത്തിലേക്ക് എത്തിക്കാനാവില്ലെന്നാണ് ഫുട്ബോള്‍ ആരാധകര്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് കൊച്ചിയിലെ ഗ്രൗണ്ട് തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് കായിക മന്ത്രി എ.സി മൊയ്തീന്‍ വ്യക്തമാക്കിയിരുന്നു. സി.കെ വിനീതും ഇയാന്‍ ഹ്യൂമുമടക്കമുള്ള താരങ്ങളും കലൂര്‍ സ്റ്റേഡിയത്തിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു. 

Content Highlight: FIFA ON Kaloor Stadium Controversy Javier Ceppi