
മോസ്കോയിൽ 2018 ഫിഫ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസിന്റെ വിജയത്തിന് പിന്നാലെ മഴയെത്തിയപ്പോൾ. ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ക്രൊയേഷ്യ പ്രസിഡന്റ് കോളിന്ദ ഗ്രാബർ എന്നിവർ | Photo: Getty Images
യുക്രൈനിലെ നിസ്സഹായരായ ജനങ്ങളോട് റഷ്യ യുദ്ധംചെയ്യുമ്പോള്‍, വ്ളാദിമിര്‍ പുതിന്റെ രാജ്യത്തെ 'കായിക'മായി കൈകാര്യം ചെയ്യുകയാണ് ലോകം. കായികരംഗത്ത് റഷ്യ ഒറ്റപ്പെട്ട അവസ്ഥയിലായി. ഒട്ടേറെ മത്സരങ്ങള്‍ റഷ്യക്ക് നഷ്ടപ്പെടുകയാണ്.
റഷ്യന്‍ ദേശീയ ഫുട്ബോള്‍ ടീമുകളെയും റഷ്യന്‍ ക്ലബ്ബുകളെയും ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫ സസ്പെന്‍ഡ് ചെയ്തു. യൂറോപ്യന്‍ ഫുട്ബോള്‍ സംഘടനയായ യുവേഫയുടെയും വിലക്കുണ്ട്. ഈ ടീമുകള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല. അടുത്ത മാസം നടക്കേണ്ട ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് മത്സരങ്ങളില്‍ നിന്ന് റഷ്യക്ക് വിട്ടുനില്‍ക്കേണ്ടിവരും. അതോടെ ലോകകപ്പ് ഫൈനല്റൗണ്ടും നഷ്ടമാവും. യൂറോ 2022 ചാമ്പ്യന്‍ഷിപ്പില്‍ റഷ്യന്‍ വനിതാടീമിനും പങ്കെടുക്കാനാവില്ല. യൂറോപ്പാ ലീഗില്‍ നിന്ന് സ്പാര്‍ട്ടക് മോസ്കോയും പുറത്താവും. അതോടെ ആര്.ബി. ലെയ്പ്സിഗ് ക്വാര്‍ട്ടറിലെത്തും. റഷ്യന്‍ ഊര്ജഭീമന്മാരായ ഗാസ്പ്രോമുമായുള്ള സ്പോണ്‍സര്‍ഷിപ്പ് യുവേഫ അവസാനിപ്പിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ഫുട്ബോളില്‍ ആതിഥ്യം വഹിക്കുന്നതില്‍നിന്ന് റഷ്യയെ ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫ നേരത്തെ വിലക്കിയിരുന്നു.
രാജ്യത്തിന്റെ ദേശീയപതാകയ്ക്കും ദേശീയഗാനത്തിനും വിലക്കുണ്ട്. റഷ്യ നിഷ്പക്ഷ വേദികളില്‍ കളിക്കണമെന്നായിരുന്നു ആദ്യതീരുമാനം. എന്നാല്‍, റഷ്യയെ ഫുട്ബോളില്‍നിന്ന് സമ്പൂര്‍ണമായി വിലക്കണമെന്നാണ് പല യൂറോപ്യന്‍ രാജ്യങ്ങളും ആവശ്യപ്പെട്ടു. റഷ്യക്കെതിരേ കളിക്കില്ലെന്ന് പോളണ്ടും സ്വീഡനും ചെക്ക് റിപ്പബ്ലിക്കും വ്യക്തമാക്കി. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി റഷ്യക്ക് നേരത്തേതന്നെ നഷ്ടമായിരുന്നു.
റഷ്യയിലും ബെലാറുസിലും നടത്താനിരിക്കുന്ന എല്ലാ മത്സരങ്ങളും റദ്ദാക്കുകയോ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുകയോ വേണമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. റഷ്യ ഒളിമ്പിക് ചട്ടം ലംഘിച്ചെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
റഷ്യ, ബെലാറൂസ് താരങ്ങളെ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുപ്പിക്കരുതെന്നും രാജ്യങ്ങള്‍ക്ക് ഐ.ഒ.സി. നിര്‍ദേശം നല്കി. റഷ്യ എന്ന ബാനറിന് കീഴില്‍ എവിടെയും മത്സരിക്കാന്‍ താരങ്ങളെ അനുവദിക്കില്ല.
റഷ്യയെ അപലപിച്ച് അന്താരാഷ്ട്ര ചെസ് ഫെഡറേഷന് (ഫിഡെ). റഷ്യയുടെ മുന്‍ ഉപപ്രധാനമന്ത്രി അര്‍ക്കാഡി ദോര്ക്കോവിച്ച് ആണ് ഫിഡെയുടെ തലവന്‍. റഷ്യ, ബെലാറുസ് കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പ് റദ്ദാക്കാന്‍ ഫിഫ തീരുമാനിച്ചു.
റഷ്യയിലും ബെലാറൂസിലും നടത്താനിരുന്ന എല്ലാ ടൂര്‍ണമെന്റുകളും റദ്ദാക്കിയതായി ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..