ദുബായ്: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ മൂന്നാം പോരാട്ടവും സമനില. 41 നീക്കങ്ങള്‍ക്കൊടുവിലാണ് നിലവിലെ ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനും നെപ്പോമ്നിയാച്ചിയും സമനിലയ്ക്ക് സമ്മതിച്ചത്.

ഞായറാഴ്ച കാള്‍സണും നെപ്പോമ്നിയാച്ചിയും ഗെയിം ജയിക്കണം എന്ന തീവ്രമായ ആഗ്രഹത്തോടെയാണ് തുടങ്ങിയത്. കാരണം മനശ്ശാസ്ത്രപരമായിരുന്നു. തിങ്കളാഴ്ച അവധിദിനമായതിനാല്‍ ജയിക്കുന്ന കളിക്കാരന് മാനസികമായ മുന്‍തൂക്കം ലഭിക്കും. ഒന്നാം ഗെയിമിലെന്നപോലെ മറ്റൊരു റൂയ്- ലോപസ് പോരാട്ടമാണ് അരങ്ങേറിയത്.

പക്ഷേ, കാലാള്‍ ബലിക്ക് മുതിരാതെ ആന്റി മാര്‍ഷല്‍ വാരിയേഷനിലൂടെ കളി മുന്നേറി. 17 നീക്കം പിന്നിട്ടപ്പോള്‍ രണ്ടുപേരും അര മണിക്കൂറില്‍ കുറഞ്ഞ സമയമാണ് ആലോചനകള്‍ക്കായി ചെലവഴിച്ചത്. മിഡില്‍ ഗെയിമില്‍ ഇരുവരും കൂടുതല്‍ സമയമെടുത്തു. പൊടുന്നനെ ക്വീനും ഒരു നൈറ്റും ഒരു ബിഷപ്പും അതിവേഗം പരസ്പരം വെട്ടിമാറ്റപ്പെട്ടു. ഇരുവര്‍ക്കും രണ്ട് റൂക്കുകളും ഒരു ബിഷപ്പും അഞ്ച് കാലാളുകളും മാത്രം അവശേഷിക്കുന്ന പൊസിഷനിലായതോടെ കളി സമാധാന ഉടമ്പടിയിലേക്കാണെന്ന് വ്യക്തമായി. താമസിയാതെ നാല് റൂക്കുകളും അപ്രത്യക്ഷമായി. 41-ാം നീക്കത്തില്‍ സമനില സമ്മതിച്ചു.

Content Highlights: fide world chess championship magnus carlsen vs ian nepomniachtchi game 3 ends in draw