ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രസിദ്ധമായ ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയം ഇനിമുതല്‍ മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പേരില്‍ അറിയപ്പെടും. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയോടുള്ള ആദരസൂചകമായാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം പുനര്‍നാമകരണം ചെയ്തത്.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജെയ്റ്റ്‌ലിയുടെയും കുടുംബവും ചേര്‍ന്നാണ് സ്റ്റേഡിയത്തിന് പുനര്‍നാമകരണം നടത്തിയത്.

അതേസമയം സ്റ്റേഡിയത്തിന്റെ ഒരു പവലിയന് ഡല്‍ഹി സ്വദേശി കൂടിയായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേരും നല്‍കി. കോലി, കെ.എല്‍ രാഹുല്‍, ക്രുണാല്‍ പാണ്ഡ്യ, മുന്‍ താരങ്ങളായ കപില്‍ ദേവ്, ചേതന്‍ ചൗഹാന്‍, കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു, മുന്‍ കായികമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റു കൂടിയായിരുന്നു ജെയ്റ്റ്‌ലി. അദ്ദേഹത്തിന്റെ കാലത്താണ് സ്റ്റേഡിയം ആധുനികവല്‍ക്കരിച്ചതും, ലോകോത്തര നിലവാരമുള്ള ഡ്രസ്സിങ് റൂമുകള്‍ ഒരുക്കിയതും. 1883-ല്‍ നിര്‍മാണം പൂര്‍ത്തിയായ സ്റ്റേഡിയം കൊക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ക്രിക്കറ്റ് സ്റ്റേഡിയം കൂടിയാണ്.

Content Highlights: Feroz Shah Kotla Stadium renamed after Arun Jaitley