ന്യൂഡൽഹി: ഡൽഹിയിലെ ഫിറോസ് ഷാ കോട്​ല സ്റ്റേഡിയം പുനർനാമകരണം ചെയ്യുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ പല നാഴികക്കല്ലുകൾക്കും സാക്ഷ്യം വഹിച്ച സ്റ്റേഡിയം ഇനി അരുൺ ജെയ്റ്റ്​ലി സ്റ്റേഡിയമാണ്. ഡൽഹി ക്രിക്കറ്റ് അസോസിയേഷനാണ് സ്റ്റേഡിയത്തിന് ശനിയാഴ്ച അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്​ലിയുടെ പേരിടാൻ തീരുമാനിച്ചത്. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും ബി.സി.സി.ഐ വൈസ് പ്രസിഡന്റുമായിരുന്നു ജെയ്​റ്റ്​ലി.

സെപ്റ്റംബർ പന്ത്രണ്ടിന് നടക്കുന്ന ചടങ്ങിൽ വച്ച് സ്റ്റേഡിയത്തിന്റെ പുനർനാമകരണം നടക്കും. ഇതേ ചടങ്ങിൽ വച്ച് സ്റ്റേഡിയിലെ ഒരു സ്റ്റാൻഡിന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ പേരും നൽകുന്നുണ്ട്.

ചരിത്രപ്രധാന സ്റ്റേഡിയത്തിന്റെ നവീകരണത്തിന് ചുക്കാൻ പിടിച്ചത് അരുൺ ജെയ്റ്റ്​ലിയായിരുന്നു. ജെയ്റ്റ്​ലിയുടെ കാലത്താണ് സ്റ്റേഡിയത്തിന്റെ വലിപ്പം കൂട്ടിയതും ലോകനിലവാരത്തിലുള്ള ഒരു ഡ്രസ്സിങ് റൂം ഒരുക്കിയതും.

അരുൺ ജെയ്​റ്റ്​ലിയുടെ പിന്തുണയാണ് വിരാട് കോലി, വീരേന്ദർ സെവാഗ്, ഗൗതം ഗംഭീർ തുടങ്ങിയ താരങ്ങളുടെ വളർച്ചയിൽ നിർണായകമായതെന്ന് ഡി.ഡി.സി.എ  പ്രസിഡന്റ് രജത് ശർമ അറിയിച്ചു.

അരുൺ ജെയ്റ്റ്​ലി അന്തരിച്ചതിന് തൊട്ടുപിറകെ ന്യൂഡൽഹിയിലെ യമുന സ്പോർട്സ് കോംപ്ലക്സിന് ഡൽഹി എം.പി കൂടിയായ ഗൗതം ഗംഭീർ അരുൺ ജെയ്റ്റ​്​ലിയുടെ പേര് നൽകിയിരുന്നു.

ഈഡൻ ഗാർഡൻസിന് ശേഷം ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഫിറോസ് ഷാ കോട്​ല. 1883ലാണ് ഈ സ്റ്റേഡിയം സ്ഥാപിച്ചത്. 1948ൽ ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലായിരുന്നു ഇവിടുത്തെ ആദ്യത്തെ ടെസ്റ്റ് മത്സരം. ഇവിടെ വച്ചാണ് സുനിൽ ഗാവസ്കർ 29-ാം സെഞ്ചുറി നേടി ഡോൺ ബ്രാഡ്മാന്റെ റെക്കോഡിനൊപ്പമെത്തിയതും 35 സെഞ്ചുറിയെന്ന ഗാവസ്കറുടെ റെക്കോഡ് സച്ചിൻ തെണ്ടുൽക്കർ പഴക്കഥയാക്കിയതും അനിൽ കുംബ്ലെ പാകിസ്താനെതിരേ ഒരു ഇന്നിങ്സിലെ മുഴുവൻ വിക്കറ്റുകളും നേടിയതും ഇവി​ടെ വച്ചു തന്നെ. ഇന്ത്യ ഇവിടെ പത്ത് ടെസ്റ്റ് വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: Feroz Shah Kotla Stadium in Delhi to be renamed Arun Jaitley Cricket Stadium