Image: Twitter
എഡിന്‍ബര്‍ഗ്: മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റാല്‍ സാധാരണ കളംവിടുന്ന താരങ്ങളെയാണ് നാം കായിക ലോകത്ത് കണ്ടിട്ടുള്ളത്. എന്നാല്‍ കളിക്കിടെയുണ്ടായ വീഴ്ചയില്‍ കാല്‍മുട്ട് ഇളകി മാറിയിട്ടും സ്വയം അത് നേരെയാക്കി 40 മിനിറ്റോളം കളത്തില്‍ തുടര്‍ന്ന് കായിക ലോകത്തിന്റെ കൈയടിയേറ്റുവാങ്ങുകയാണ് ഒരു സ്‌കോട്ടിഷ് വനിതാ താരം.
ഫെബ്രുവരി 21-ന് സ്‌കോട്ടിഷ് വനിതാ ചാമ്പ്യന്‍ഷിപ്പ് കപ്പില്‍ സെന്റ് മിറെന്‍ വുമെന്‍സ് എഫ്.സിയും ഇന്‍വെര്‍നസ് കാലെഡോണിയന്‍ തിസിലും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം.
മത്സരത്തിന്റെ 50-ാം മിനിറ്റില്‍ ഇന്‍വെര്‍നസ് താരവുമായി കൂട്ടിയിടിച്ചുവീണ സെന്റ് മിറെന്‍ ക്യാപ്റ്റന്‍ ജെയ്ന്‍ ടൂലെയുടെ കാല്‍മുട്ട് ഇളകിമാറുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ് മൈതാനത്തിരുന്നെങ്കിലും പെട്ടെന്നു തന്നെ ജെയ്ന്‍ സ്ഥാനം തെറ്റിയ കാല്‍മുട്ട് കൈകൊണ്ട് ഇടിച്ച് നേരെയാക്കി. ആരായാലും കളിക്കളം വിടുമായിരുന്ന ഈ പരിക്ക് ജെയ്ന്‍ പക്ഷേ കാര്യമാക്കിയില്ല. അല്‍പ നേരം വൈദ്യസഹായം തേടിയ ശേഷം ജെയ്ന്‍ വീണ്ടും 40 മിനിറ്റോളം കളിക്കളത്തില്‍ തുടരുകയും മത്സരം പൂര്‍ത്തിയാക്കുകയും ചെയ്തു.
ഇന്‍വെര്‍നസിനോട് തന്റെ ടീം എതിരില്ലാത്ത ആറു ഗോളിന് പിന്നിട്ട് നില്‍ക്കുമ്പോഴാണ് ജെയ്‌നിന് പരിക്കേല്‍ക്കുന്നത്. പരിക്കേറ്റിട്ടും പക്ഷേ ജെയ്ന്‍ നിരാശയായില്ല. ടീമിനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന ചിന്ത മാത്രമായിരുന്നു അവരുടെ മനസില്‍. പരിക്കേറ്റ് കളത്തില്‍ തുടര്‍ന്നിട്ടും ജെയ്‌നിന്റെ ടീം മത്സരം തോറ്റു, എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക്. എന്നാല്‍ ആ തോല്‍വിയിലും തോല്‍ക്കാത്ത പോരാളിയെ പോലെ ജെയ്ന്‍ തല ഉയര്‍ത്തിത്തന്നെ നിന്നു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ ലോകമെമ്പാടു നിന്നും നിരവധിയാളുകളാണ് ജെയ്‌നിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.
Content Highlights: Female Footballer Dislocates Knee, Slaps It Back kept on playing
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..