മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പിനായി 15 ടീമുകള്‍ക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കാമെങ്കില്‍ സ്റ്റേഡിയത്തില്‍ ഈ മത്സരങ്ങള്‍ കാണുന്നതില്‍ നിന്ന് കാണികളെ തടയില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയുടെ താത്കാലിക സി.ഇ.ഒ നിക്ക് ഹോക്ക്ലെ.

ഓസ്‌ട്രേലിയയില്‍ വെച്ച് ഏതു സമയത്ത് ട്വന്റി 20 ലോകകപ്പ് നടത്തുകയാണെങ്കിലും അത് ആരാധകരെ സ്റ്റേഡിയങ്ങളില്‍ പ്രവേശിപ്പിച്ചുകൊണ്ടായിരിക്കുമെന്നും നിക്ക് കൂട്ടിച്ചേര്‍ത്തു.

ബോര്‍ഡിന്റെ ചെലവ് ചുരുക്കല്‍ നടപടികളുടെ പേരില്‍ രാജിവെച്ച മുന്‍ സി.ഇ.ഒ കെവിന്‍ റോബര്‍ട്ട്സിന് പകരം സി.ഇ.ഒയുടെ താത്കാലിക ചുമതല നിക്ക് ഹോക്ക്ലെയ്ക്കാണ്.

15 ടീമുകളെ ഓസ്‌ട്രേലിയയില്‍ എത്തിക്കുക എന്നതാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ വെല്ലുവിളിയെന്നു പറഞ്ഞ നിക്ക് കാണികളെ സ്റ്റേഡിയങ്ങളില്‍ പ്രവേശിപ്പിച്ചുകൊണ്ടു തന്നെ ടൂര്‍ണമെന്റ് നടത്താനാണ് ബോര്‍ഡിന്റെ ശ്രമമെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം ട്വന്റി 20 ലോകകപ്പിന്റെ കാര്യത്തില്‍ കഴിഞ്ഞ ഐ.സി.സി ബോര്‍ഡ് യോഗത്തിലും തീരുമാനമുണ്ടായിരുന്നില്ല.

Content Highlights: Fans will be permitted in stadiums to watch T20 WC says CA interim CEO Nick Hockley