
സഞ്ജു സാംസൺ | Photo: Sreekesh. S| Mathrubhumi
'സാംസണ് മാതാപിതാക്കന്മാരോടു കൂടെ തിമ്നായിലേക്ക് പോയി. അവിടെ ഒരു മുന്തിരിത്തോപ്പില്‍ എത്തിയപ്പോള്‍ ഒരു സിംഹക്കുട്ടി അവന്റെ നേരെ അലറി വന്നു. കര്‍ത്താവിന്റെ ആത്മാവ് അവനില്‍ ശക്തമായി ആവസിച്ചു. ആയുധം കൂടാതെ ആട്ടിന്‍കുട്ടിയെ എന്നപോലെ അവന് ആ സിംഹത്തെ ചീന്തിക്കളഞ്ഞു - ന്യായാധിപന്മാര്' -14(56).
എതിരേ വരുന്ന സിംഹക്കൂട്ടിയെ ചീന്തിക്കളയുന്ന ശീലം ബൈബിളിലെ അന്ത സാംസണിന്. ഇന്ത സഞ്ജു വിശ്വനാഥ് സാംസണ് അപ്പടിയേ അല്ല. കളത്തില്‍ അതുക്കും മേലെ. വേണേല്‍ സിംഹക്കുട്ടിയെ മാത്രമല്ല, ഫാസ്റ്റ് ബൗളര്‍മാരുടെ സിംഹക്കൂട്ടത്തെ ഒറ്റയ്ക്ക് വലിച്ച് കീറിക്കുടയും ഈ ചിന്നപ്പയ്യന്‍. ചുട്ടക്കോഴിയെ പറപ്പിക്കലല്ല, വരുന്നതിനേക്കാള്‍ വേഗത്തില്‍ പന്തിനെ വേലിക്കപ്പുറത്തേക്ക് പറപറപ്പിക്കും ഭയങ്കരമാന ആള്. പയ്യന് പെട്രോളിലും ഡീസലിലും ഓടും, അതായത് പയ്യന് നന്നായി ബാറ്റും ചെയ്യും, കീപ്പുംചെയ്യുമെന്ന്. പിന്നെ, മനോഹരമായ കളിക്കൊപ്പം പയ്യന്റെ ആ വിടര്‍ന്ന ചിരിയുണ്ടല്ലോ..ആ ചിരി കണ്ടാല്‍ അതുമതി ഫാന്‍ നമ്പര്‍ വണ്‍ ആകാന്‍.
ഇനി പയ്യന് എന്നൊക്കെ വിശേഷിപ്പിച്ചാല്‍ അതിത്തിരി അക്രമമായിപ്പോകും. ഈ നവംബര്‍ 11 ന് ഇരുപ്പത്താറിന്റെ ഇരുത്തം വരുന്നു. അതിന്റെ പക്വത കൂടി കളത്തില്‍ കാണിച്ചാല്‍ നോക്കിക്കോ, ഇന്ത്യന്‍ ടീമില്‍ ഇളകാത്ത കസേര വലിച്ചിട്ടിരിക്കും നമ്മുടെ ഈ മുത്ത്. എന്നാലൊരു കാര്യമുണ്ട്. സ്ഥിരത, ഇമോഷണല്‍ മെച്യൂരിറ്റി എന്നൊക്കെ പറയണ സാധനങ്ങളില്ലേ..അതന്നേ. കളിക്കുമ്പോള്‍ അത് ശരിക്കും കാണിച്ചാലേ സമ്മര്‍ദങ്ങളെ, നീയൊന്ന് പോടാ പുല്ലേ എന്ന് പറയാനൊക്കൂ. പുല്ലുവിള സ്വദേശിയല്ലേ, അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.
കാര്യമൊക്കെ സഞ്ജുട്ടന് അറിയാഞ്ഞിട്ടൊന്നുമല്ല..കളത്തിലിറങ്ങുമ്പോള്‍ അതൊക്കെ മറന്നുപോകുന്നതാണ് പ്രശ്നം. അല്ലേല്‍ ആദ്യ പന്ത് സിക്സടിച്ച് അടുത്ത പന്തും അതേ ഷോട്ടിന് മുതിര്‍ന്ന് പുറത്താകുന്ന ശീലം മാറിയേനെ. ന്യൂസീലന്റിനെതിരെ സൂപ്പര്‍ ഓവറില്‍ കോലി വിശ്വാസമര്‍പ്പിച്ചത് സഞ്ജുവിനെയാണ്. അത് നല്ല സൂചന തന്നെ. രാഹുല്‍ ദ്രാവിഡ് മെന്ററിന്റെ സ്ഥാനത്ത് നിന്ന് ചെത്തിയെടുത്ത താരമല്ലേ, മോശമാകോ? കാര്യമൊക്കെ ശരി, വികാരം കൊണ്ട് കളിച്ചാല്‍ തെറിച്ച കുറ്റികള്‍ എപ്പോ വാരിക്കൂട്ടുമെന്ന് ചോദിച്ചാ മതി.
ഇതെന്താ പടക്കം പൊട്ടണേ? വിഷുവാണോ?
വിശേഷണങ്ങള്‍ അവിടെ നില്ക്കട്ടെ, പുള്ളീടെ കളിമിടുക്ക് വിശകലനം ചെയ്താലോ? പടക്കങ്ങള്‍ പൊട്ടുന്നപോലെയല്ലേ ആ ബാറ്റില്‍ നിന്ന് പന്തുകള്‍ വേലിക്കടക്കുന്നത് എന്നെഴുതിയാല്‍ അതത്ര ശരിയല്ല. എന്താ സഞ്ജുവിന് ടൈമിംഗ് ഇല്ലയാ എന്ന് തിരിച്ച് ചോദിച്ചേക്കാം. കാടനടിയൊന്നുമല്ലാ എന്റെ ഇഷ്ടാ..സ്വീറ്റ് ടൈമിംഗ് ആണ് ഇവന്റെ മെയിന്‍ . ബാറ്റിന്റെ ആ ബ്യൂട്ടി സ്പോട്ടില്‍ കൊള്ളുമ്പോഴുള്ള ശബ്ദം..ഹാ..അതിന്റെ രസം, ആ ക്ലാസ് അറിയണമെങ്കില്‍ നമ്മുടെ സഞ്ജുട്ടന്റെ ബാറ്റിംഗ് തന്നെ കാണണം. വെറുതെയല്ല, സഞ്ജു ഔട്ടാകുമ്പോള് പെട്ടെന്ന് ടിവി നിര്‍ത്തി പോകുന്നത്.
ഏത് കൊലകൊമ്പന്‍ ബൗളറെയും ഓ ഇതൊക്കെ നിസ്സാരം എന്ന മട്ടില്‍ സ്ട്രൈക്ക് ചെയ്യാന്‍ നില്ക്കുന്ന ഭാവം, അതും സഞ്ജുവിന് ഒട്ടോറെ ആരാധകരെ സമ്മാനിച്ചിട്ടുണ്ട്. കണ്ടാല്‍ വെസ്റ്റ് ഇന്‍ഡീസ് കളിക്കാരന്റെ കൂള്‍ ലുക്കാണ്. സ്വീറ്റായ ക്ലീന്‍ ഹിറ്റ്, അതും കേമം. സച്ചിനെ പോലെ പന്ത് കീപ്പറുടെ അരികിലൂടെ ചെത്തിയിടാനും മിടുക്കുണ്ട്. നാല് വശത്തേക്കും ഷോട്ട് കളിക്കാനറിയാം. ആള് കൂളാണ്. ഇനിയെന്താണ് സഞ്ജുവിന് കുറവ്. ഇന്ത്യന്‍ സെലക്ടര്‍മാരാണ് ഉത്തരം പറയേണ്ടത്?
സൂപ്പര്മാന്
അവന്റെ കയ്യിലെ ആ മാന്ത്രികദണ്ഡ് കറക്കുമ്പോള്‍ മിന്നല്‍ വേഗത്തില്‍ പന്ത് ഗാലറിയില്‍ ഓടിയൊളിക്കും. പറന്ന് ഫീല്‍ഡ് ചെയ്യും. നല്ല പ്രസരിപ്പുള്ള ശരീരഭാഷ. മികച്ച ഡൈവിംഗ് സ്കില്‍. ഒറ്റത്തീനിയാകാതെ ടീമിന് വേണ്ടി സാഹചര്യങ്ങള്‍ക്കനുസരിച്ച് റീഡ് ചെയ്ത് കളിക്കാനറിയാം. വിക്കറ്റിനു പുറകിലും വിശ്വസ്ഥന്. വെറുതെയല്ല രാജസ്ഥാന് ടീം മാനേജ്മെന്റ് സഞ്ജുവിനെ സൂപ്പര്മാന് എന്ന് ഈയ്യിടെ വിശേഷിപ്പിച്ചത്. കഴിഞ്ഞ ന്യൂസിലന്റ് പര്യടനത്തില്‍ ഫീല്‍ഡ് ചെയ്യവേ പന്ത് വേലി കടക്കും എന്ന് ഉറപ്പായപ്പോ അക്രോബാറ്റിക് ഡൈവിംഗിലൂടെ ചാടിപ്പിടിച്ച് സിക്സര്‍ സേവ് ചെയ്ത സഞ്ജു ശരിക്കും സൂപ്പര്മാന് എന്ന വിശേഷണത്തെ അര്‍ഹിക്കുന്നുണ്ട്.
ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടി റിഷഭ് പന്തിനൊപ്പം കളിച്ച കളി ദേ ആരുമിപ്പോഴും മറന്നിട്ടുണ്ടാകില്ല. റോയല്‍ ചാലഞ്ചേഴ്സിനെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ പെടച്ച പെട ചുരുങ്ങിയത് കോലിയും മറന്നിട്ടുണ്ടാകില്ല. ഇതുവരെ ഐ പി എല്ലില്‍ 89 സിക്സറുകളാണ് സഞ്ജു പറത്തിയത്. നൂറ്റിയെഴുപത് ബൗണ്ടറിയും. ഇനിയെത്ര നിലം തൊട്ടും തൊടാതെയും പറക്കും,? ഇതിനകം രണ്ട് ഐ പി എല്‍ സെഞ്ച്വറി. ഐ പി എല്ലില്‍ ഏറ്റവും വേഗത്തില്‍ രണ്ടായിരം രണ്സ് കുറിച്ച പ്രായം കുറഞ്ഞ താരം, റെക്കോര്‍ഡുകള്‍ ഒട്ടനവധിയാണ്. എന്നാല്‍ ആരാധകരുടെ പ്രതീക്ഷകള്‍ നല്കുന്ന ഭാരമുണ്ട്. അത് മാത്രമായിരിക്കും സഞ്ജുവിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.
കരിയറില്‍ ഈ ഐ.പി.എല്‍ സഞ്ജുവിന് നിര്‍ണായകം. ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി ഇടംപിടിക്കുന്നതിന് ചില കണക്കുകള്‍ തീര്‍ക്കാനുണ്ട്. സ്ഥിരതയോടെ കളിക്കേണ്ടതുണ്ട്. കയ്യാലപ്പുറത്തുള്ള തേങ്ങയെ പോലെ എത്ര നാള് കഴിയും? ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഫാറൂഖ് എഞ്ചിനിയര്‍ പറഞ്ഞ പോലെ സഞ്ജു അടുത്ത ധോണിയാകുമോ? അതോ ഉല്‍ക്കപ്പോലെ എളുപ്പം കത്തിതീരുമോ?
(ക്ലബ് എഫ്.എമ്മിൽ സീനിയർ കോപ്പി റൈറ്ററാണ് ലേഖകൻ)
Content Highlights: fan writes about sanju samson
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..