അത്തോളി: പ്രമുഖ ബോക്‌സിങ് പരിശീലകനും കായികമേള സംഘാടകനുമായ പൂളാടിക്കുന്നിലെ പുത്തലത്ത് രാഘവന്‍ ഇനി ദീപ്തസ്മരണ. 

ബോക്‌സിങ്ങില്‍ കേരളത്തിന് ആദ്യ സ്വര്‍ണമെഡല്‍ നേടിത്തന്നത് ഇദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. അര നൂറ്റാണ്ടുമുമ്പ് താന്‍ സ്ഥാപിച്ച ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ കലാകായിക പരിശീലനങ്ങളുടെ അമരക്കാരനായി മരണംവരെ അദ്ദേഹം തുടര്‍ന്നു.

ചിത്രകലാധ്യാപകന്‍, ശില്‍പി, യോഗ-ഗുസ്തി പരിശീലകന്‍, മികച്ച കര്‍ഷകന്‍ എന്നി നിലകളിലും തിളങ്ങി. സംസ്ഥാനത്ത് ആദ്യമായി ബോക്‌സിങ് രംഗത്തേക്ക് പെണ്‍കുട്ടികളെ കൊണ്ടുവന്നത് പുത്തലത്ത് രാഘവനായിരുന്നു. 

കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി സംസ്ഥാന ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ പങ്കെടുക്കാത്ത മത്സരമില്ല. ദേശീയ, സംസ്ഥാന താരങ്ങളായ എം. സുമന്‍ ലാല്‍ ധരം, കെ. മൃദുല്‍ ലാല്‍ ധരം, പി. രാഗേഷ് ശങ്കര്‍, ഇ. പ്രവിത, പി. രതീഷ്, രമേഷ് കുമാര്‍, ജിജീഷ്, മുബാറക് അഹമ്മദ് എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യരില്‍ ചിലരാണ്. 

വീടിനോടുചേര്‍ന്ന ഗ്രൗണ്ടില്‍ സൂര്യോദയംമുതല്‍ പാതിരാവരെ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. പരിശീലനങ്ങളെല്ലാം തികച്ചും സൗജന്യം. എട്ട് സംസ്ഥാന മത്സരങ്ങള്‍ക്ക് പുത്തലത്തുതന്നെ നേതൃത്വവും നല്‍കിയിട്ടുണ്ട്.

ബോക്‌സിങ് ആത്മാവിന്റെ ഭാഗമായി കൊണ്ടുനടന്ന പുത്തലത്ത് രാഘവന്റെ ശില്‍പങ്ങളില്‍പ്പോലും പോരാട്ടവീര്യവും പേശീദൃഢതയും സൗന്ദര്യവുമുണ്ട്. മൊടക്കല്ലൂര്‍ എ.യു.പി. സ്‌കൂളില്‍ ചിത്രകലാധ്യാപകനായി ചേര്‍ന്നെങ്കിലും പിന്നീട് രാജിവെച്ചു.

അവിവാഹിതനായിരുന്ന അദ്ദേഹം സമ്പാദ്യം മുഴുവന്‍ ഗ്രാമത്തിന് സമര്‍പ്പിച്ചു. രാഷ്ട്രീയ സ്വയംസേവകനുമായിരുന്നു പുത്തലത്ത് രാഘവന്‍. സംസ്ഥാന ബോക്‌സിങ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlights: famous boxing trainer Puthalath Raghavan passed away