Photo By CHRISTIAAN KOTZE| AFP
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലെ പാകിസ്താന് താരം ഫഖര്‍ സമാന്റെ റണ്ണൗട്ട് ഏറെ വിവാദമായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ നായകന് ക്വിന്റണ്‍ ഡിക്കോക്കിന്റെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് നിരക്കാത്ത പ്രവൃത്തിയാണ് ഫഖര്‍ സമാന്റെ റണ്ണൗട്ടിന് കാരണമായതെന്നാണ് വിമര്‍ശനം.
എന്നാല്‍ ഇക്കാര്യത്തില്‍ ക്വിന്‍ണ്‍ ഡിക്കോക്കിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നാണ് ഫഖര്‍ സമാന്റെ അഭിപ്രായം. ഫീല്‍ഡറെ ശ്രദ്ധിക്കാതിരുന്ന തന്റെ ഭാഗത്താണ് തെറ്റ് എന്നാണ് ഫഖര്‍ സമാന്റെ വിശദീകരണം.
''തെറ്റ് എന്റെ ഭാഗത്താണ്. മറ്റേ അറ്റത്ത് ഹാരിസ് റൗഫിനെ നോക്കുന്ന തിരക്കിലായിരുന്നു ഞാന്‍. കാരണം ക്രീസില്‍ നിന്ന് അല്പം വൈകിയാണ് അവന് ഓടാന്‍ തുടങ്ങിയതെന്ന് എനിക്ക് തോന്നി. അതിനാല്‍ തന്നെ അവനാണ് അപകടത്തിലെന്ന് ഞാന്‍ കരുതി. ഇനി എല്ലാം മാച്ച് റഫറിയുടെ കൈകളിലാണ്. എന്നാല്‍ അത് ക്വിന്റന്റെ ഭാഗത്തുള്ള തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല.'' - ഫഖര്‍ സമാന് പറഞ്ഞു.
മത്സരത്തില്‍ അവസാന ഓവറിലെ ആദ്യ പന്തിലാണ് ഫഖര്‍ സമാന് റണ്ണൗട്ടാകുന്നത്. കവര്‍ ബൗണ്ടറിയിലേക്ക് പന്തടിച്ച് രണ്ടാം റണ്ണിനായി ശ്രമിക്കുകയായിരുന്നു താരം. ഫഖര്‍ ബാറ്റിങ് ക്രീസിലേക്ക് എത്തുന്നതിന് മുമ്പ് ഡിക്കോക്ക് വിക്കറ്റിന് പിറകില്‍ നിന്നും നോണ്‍ സ്ട്രൈക്കറുടെ ഭാഗത്തേക്ക് ആംഗ്യം കാണിച്ചു. ഇതോടെ പന്ത് നോണ്‍ സ്ട്രൈക്കറുടെ ഭാഗത്തേക്കാണെന്ന് കരുതി ഫഖര്‍ സമാന് തിരിഞ്ഞു നോക്കി. എന്നാല്‍ ബൗണ്ടറിക്കരികില്‍ നിന്ന് എയ്ഡന്‍ മാര്‍ക്രം എറിഞ്ഞ പന്ത് ബാറ്റിങ് ക്രീസിലേക്ക് തന്നെയായിരുന്നു. ഫഖറിനെ ആശയക്കുഴപ്പത്തിലാക്കാന്‍ ഡിക്കോക്ക് കാണിച്ച തന്ത്രമായിരുന്നു അത്. ഇക്കാര്യം തിരിച്ചറിഞ്ഞ് ഫഖര്‍ ക്രീസില്‍ എത്തുമ്പോഴേക്കും മാര്‍ക്രമിന്റെ ത്രോ വിക്കറ്റ് തെറിപ്പിച്ചിരുന്നു.
ഫഖറിനെ ആശയക്കുഴപ്പത്തിലാക്കാന്‍ ഡിക്കോക്ക് മനഃപൂര്‍വ്വം ആംഗ്യം കാണിക്കുകയായിരുന്നുവെന്ന് ആരോപിച്ചാണ് താരത്തിനെതിരേ വിമര്‍ശനങ്ങള്‍ ഉയരുന്നത്.
155 പന്തുകള്‍ നേരിട്ട് 10 സിക്സും 18 ബൗണ്ടറിയുമടക്കം 193 റണ്‍സെടുത്ത ഫഖര്‍ സമാന് തന്റെ രണ്ടാം ഏകദിന ഇരട്ട സെഞ്ചുറിക്ക് ഏഴു റണ്‍സ് അകലെയാണ് പുറത്തായത്.
Content Highlights: Fakhar Zaman reacts on his controversial run-out
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..