ലാഹോര്‍: കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്റെ മുന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദിന്റെ നിലപാട് വിവാദമാകുന്നു. ആയുധമെടുക്കാനുള്ള പോരാട്ടത്തില്‍ കശ്മീരികള്‍ക്ക് പിന്തുണ നല്‍കുന്നതാണ് മിയാന്‍ദാദിന്റെ നിലപാട്. കൈയില്‍ വാളേന്തിയുള്ള മിയാന്‍ദാദിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

'കശ്മീരിലെ സഹോദരങ്ങള്‍ ഭയപ്പെടരുത്. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. ഞാന്‍ പണ്ട് സിക്‌സ് അടിക്കാന്‍ ബാറ്റ് ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ വാളെടുക്കാനും എനിക്കറിയാം'. മിയാന്‍ദാദ് വീഡിയോയില്‍ പറയുന്നു. 'ബാറ്റ് മൂര്‍ച്ചയേറിയതായിരുന്നു, ഇപ്പോള്‍ വാളും മൂര്‍ച്ചയേറിയതാ'ണെന്ന് ഇതിനിടയില്‍ മിയാന്‍ദാദിന്റെ പിറകില്‍ നിന്ന് ഒരാള്‍ വിളിച്ചു പറയുന്നുണ്ട്. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്ന ആളുകള്‍ക്കിടയില്‍ നിന്നാണ് ജാവേദ് സംസാരിക്കുന്നത്.

നേരത്തേയും മിയാന്‍ദാദിന്റെ പ്രസ്താവനകള്‍ വിവാദമായിരുന്നു. കശ്മീരികളോട് ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു ഇതില്‍ ഒരു വിവാദം. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയപ്പോഴും പാക് താരം ഇന്ത്യക്കെതിരേ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ഭീരുക്കളാണെന്നും ആണവായുധം കാഴ്ച്ചക്ക് വേണ്ടിയല്ല പാകിസ്താന്‍ സൂക്ഷിക്കുന്നത് എന്നുമായിരുന്നു അന്ന് മിയാന്‍ദാദിന്റെ പ്രസ്താവന.

 

Content Highlights: Ex Pak cricketer Javed Miandad's threat to India over Kashmir