ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നടക്കാനിരിക്കുന്ന ടി20 മത്സരം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍. ബി.സി.സി.ഐ. അധ്യക്ഷന്‍ സൗരവ് ഗാംഗുലിയോട് തുറന്ന കത്തിലൂടെയാണ് ഇവര്‍ ഈ കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഡെല്‍ഹിയിലെ അന്തരീക്ഷ മലിനീകരണമാണ് മത്സരം മാറ്റുന്നതിന് ഇവര്‍ ചൂണ്ടിക്കാട്ടിയ കാരണം. ഡല്‍ഹിയിലെ ഇപ്പോഴത്തെ മോശപ്പെട്ട അന്തരീക്ഷത്തില്‍ മൂന്നും നാലും മണിക്കൂര്‍ കളിക്കുന്നത് ദീർഘകാലത്ത് കളിക്കാരുടെ ആരോഗ്യത്തിന് ഹാനികരമാണ്. അതുകൊണ്ട് മത്സരങ്ങള്‍ ഡെല്‍ഹിയില്‍ നിന്ന് പുറത്തേയ്ക്ക് മാറ്റണം- ഇതാണ് അവരുടെ ആവശ്യം.

പരിസ്ഥിതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കെയര്‍ ഫോര്‍ എയര്‍, മൈ റൈറ്റ് ബ്രീത്ത് തുടങ്ങിയ എന്‍.ജി.ഒകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ജ്യോതി പാണ്‌ഡെ, രവീണ രാജ്  കോലി എന്നിവരാണ് ഗാംഗുലിക്ക് തുറന്ന കത്തെഴുതിയത്. ഭാവിയില്‍ മത്സരങ്ങളുടെ കാര്യം നിശ്ചയിക്കുമ്പോള്‍ അവ നടക്കുന്ന നഗരങ്ങളിലെയും സ്‌റ്റേഡിയത്തിലെയും  വായുവിന്റെ ഗുണനിലവാര സൂചിക കൂടി കണക്കിലെടുക്കണമെന്നും അവര്‍ ഗാംഗുലിയോട് ആവശ്യപ്പെട്ടു.

Lankan players wearing mask
ശ്രീലങ്കൻ താരങ്ങൾ മാസ്ക്ക് ധരിച്ച് ഫീൽഡ് ചെയ്യുന്നു. ഫയൽ ചിത്രം

കഴിഞ്ഞ കുറേ നാളായി രാജ്യതലസ്ഥാനത്തെ വായുമലിനീകരണം വലിയ ചര്‍ച്ചാവിഷയമാണ്. 2017 ഡിസംബറില്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെ ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവിച്ചതായി ശ്രീലങ്കന്‍ കളിക്കാര്‍ പരാതിപ്പെട്ടിരുന്നു. കളിക്കാരില്‍ പലരും അന്ന് മാസ്‌ക്ക് ധരിച്ച് ഫീല്‍ഡ് ചെയ്തത് വലിയ ചർച്ചയായിരുന്നു.

ഞായറാഴ്ചയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ടി20 മത്സരം. രണ്ട് ടി20 മത്സരങ്ങും രണ്ട് ടെസ്റ്റുമാണ് പരമ്പരയിലുള്ളത്.

Content Highlights: Environmentalists Request Sourav Ganguly To Shift India-Bangladesh T20 From Delhi