ലണ്ടന്‍: ഡിഫന്‍ഡര്‍ സൈറസ് ക്രിസ്റ്റിയുടെ സഹോദരിയെ ക്ലബ് ആരാധകന്‍ മര്‍ദിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ് ടീമായ ഫുള്‍ഹാം എഫ്.സി. അന്വേഷണം ആരംഭിച്ചു.

ചാമ്പ്യന്‍ഷിപ്പില്‍ ബാണ്‍സ്ലിക്കെതിരായ എവെ മത്സരത്തിനിടെയാണ് ക്രിസ്റ്റിയുടെ സഹോദരിക്കെതിരേ അതിക്രമം ഉണ്ടായത്. ഒരു ക്ലബ് ഫാന്‍ സഹോദരിയെ മര്‍ദിക്കുകയും അയാളുടെ ഭാര്യ വംശീയമായി അധിക്ഷേപിക്കുയും ചെയ്യുകയായിരുന്നുവെന്ന് ക്രിസ്റ്റി ട്വിറ്ററിലൂടെ ആരോപിച്ചു.

ഇതിനെ തുടര്‍ന്നാണ് ഫുള്‍ഹാം അന്വേഷണം ആരംഭിച്ചത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ബ്ലാണ്‍സ്ലി അധികൃതര്‍ അറിച്ചു. ഇംഗ്ലീഷ് ഫുട്‌ബോളില്‍ വംശീയാധിക്ഷേപത്തില്‍ 43 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തു വന്ന ഉടനെയാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പ്രീമിയര്‍ ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെട്ട ഫുള്‍ഹാമിന്റെ രണ്ടാം ഡിവിഷനായ ഇ.എഫ്.എല്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരമായിരുന്നു ഈ വര്‍ഷം മൂന്നാം ഡിവിഷനില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച ബാണ്‍സ്ലിക്കെതിരേയുള്ളത്. ആദ്യ മത്സരത്തില്‍ തന്നെ അവര്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍ക്കുകയും ചെയ്തു. മത്സരത്തിന്റെ മുപ്പത്തിമൂന്നാം മിനിറ്റിലാണ് ഐറിഷ് താരമായ ക്രിസ്റ്റി കളിക്കാന്‍ ഇറങ്ങിയത്.

കഴിഞ്ഞ വര്‍ഷമാണ് ഇരുപത്തിയാറുകാരനായ ക്രിസ്റ്റി മിഡില്‍സ്ബറോയില്‍ നിന്ന് ഫുള്‍ഹാമിലെത്തിയത്.

Content Highlights: English Club Fulham’s Cyrus Christie says sister was hit and racially abused by Soccer fans