Image Courtesy: Getty Images
2016-ല്‍ ഇന്ത്യയില്‍ നടന്ന ട്വന്റി-20 ലോകകപ്പ് ഫൈനല്‍ ഓര്‍മയില്ലേ? ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും ഏറ്റുമുട്ടിയ ആ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ വിന്‍ഡീസിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 19 റണ്‍സായിരുന്നു. പന്തെറിയാനെത്തിയത് ബെന്‍ സ്റ്റോക്ക്‌സും. അന്ന് സ്റ്റോക്ക്‌സിന്റെ ആദ്യ നാലു പന്തും സിക്‌സറിന് പറത്തി കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് എന്ന ഹീറോ വിന്‍ഡീസിനെ കിരീടത്തിലേക്ക് നയിച്ചു.
അന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ പുല്‍മൈതാനത്ത് കണ്ണീരണിഞ്ഞിരുന്ന സ്റ്റോക്ക്‌സിന്റെ മുഖം ക്രിക്കറ്റ് പ്രേമികള്‍ അത്ര പെട്ടെന്നൊന്നും മറന്നിട്ടുണ്ടാകില്ല. എന്നാല്‍ അവിടെ നിന്ന് മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം അന്നത്തെ സ്റ്റോക്ക്‌സിന്റെ കണ്ണീര്‍ ചിരിയിലേക്ക് വഴിമാറി. കൃത്യമായി പറഞ്ഞാല്‍ 2019 ജൂലായ് 14-ന്. ഇംഗ്ലണ്ടിന്റെ ആദ്യ ഏകദിന ലോകകപ്പെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയതില്‍ സ്റ്റോക്ക്‌സിന്റെ സംഭാവന വിവരിക്കാനാകാത്തതാണ്.

സമ്മര്‍ദ ഘട്ടങ്ങളില്‍, നെഞ്ചിടിപ്പേറ്റുന്ന നിമിഷങ്ങളില്‍ ഒരു പോരാളി എങ്ങനെയായിരിക്കണം എന്നതിന് തെളിവായിരുന്നു ലോകകപ്പ് ഫൈനലില്‍ കിവീസിനെതിരേ സ്റ്റോക്ക്‌സിന്റെ ബാറ്റിങ്. കൈവിട്ടുപോയെന്ന് കരുതിയ കളി ഇംഗ്ലണ്ട് തിരികെ പിടിച്ചത് അയാളുടെ പോരാട്ട വീര്യം ഒന്നുകൊണ്ടു മാത്രമായിരുന്നു. ഒരു വര്‍ഷം മുമ്പത്തെ ആ ഫൈനലില്‍ റണ്ണിനായുള്ള ഓട്ടത്തിനിടയിലെ വീഴ്ച്ചയില്‍ പറ്റിപ്പിടിച്ച മണ്ണുള്ള ആ ജഴ്സി അയാളുടെ വീട്ടിലെ ഷെല്‍ഫില്‍ പൊടിപിടിക്കാതെ എന്നുമുണ്ടാകുമെന്നുറപ്പാണ്.
98 പന്തില്‍ 84 റണ്‍സ്, അതില്‍ അഞ്ചു ഫോറും രണ്ട് സിക്സും. അഞ്ചാം വിക്കറ്റില്‍ ബട്ട്‌ലര്‍ക്കൊപ്പമുള്ള സെഞ്ചുറി കൂട്ടുകെട്ട്. അവസാന രണ്ട് ഓവറിനിടയില്‍ അടിച്ച സിക്സുകള്‍. അവസാന ഓവറിലെ 14 റണ്‍സ്. സൂപ്പര്‍ ഓവറിലെ ബാറ്റിങ്. സ്റ്റോക്ക്സ് കളിയിലെ താരമാകാന്‍ ഇത്രയും മതിയായിരുന്നു. ഒപ്പം മൂന്നു വര്‍ഷം മുമ്പ് തന്റെ പിഴവില്‍ നഷ്ടപ്പെട്ട ഒരു ലോകകിരീടത്തിന് പ്രായശ്ചിത്തം കൂടിയായി സ്റ്റോക്ക്സിന് ലോര്‍ഡ്സിലെ ഫൈനല്‍.

ലോകകപ്പില്‍ 11 മത്സരങ്ങള്‍ കളിച്ച സ്റ്റോക്ക്‌സ് 54.42 ശരാശരിയില്‍ അഞ്ച് അര്‍ധ സെഞ്ചുറികളടക്കം 465 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഏഴു വിക്കറ്റുകളും സ്റ്റോക്ക്‌സ് സ്വന്തമാക്കി. ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ചുമായി.
മാത്രമല്ല തന്റെ ജന്മനാടിനെ തോല്‍പ്പിച്ചാണ് സ്റ്റോക്ക്സ് ഇംഗ്ലണ്ടിന് കിരീടം സമ്മാനിച്ചത്. ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലാണ് സ്റ്റോക്ക്സിന്റെ ജനനം. അച്ഛന്‍ ജെറാദ് സ്റ്റോക്ക്സ് ന്യൂസീലന്‍ഡിലെ റഗ്ബി ലീഗിലെ താരവുമായിരുന്നു. പിന്നീട് റഗ്ബി പരിശീലിപ്പിക്കുന്നതിനായി ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. ഇതോടെ സ്റ്റോക്ക്സും ഇംഗ്ലീഷ് നാടിന്റെ ഭാഗമായി.

ഇതിനു പിന്നാലെ ഐ.സി.സിയുടെ 2019-ലെ മികച്ച ക്രിക്കറ്റര്‍ക്കുള്ള സര്‍ ഗാരി സോബേഴ്സ് ട്രോഫിയും ബെന്‍ സ്റ്റോക്ക്സിന് ലഭിച്ചു. ന്യൂസീലന്‍ഡിനെതിരായ ലോകകപ്പ് ഫൈനലിലും അതിനു പിന്നാലെ നടന്ന ആഷസ് പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റിലെയും മികച്ച പ്രകടനങ്ങളാണ് സ്റ്റോക്ക്‌സിനെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ഇതിനു പിന്നാലെ ക്രിക്കറ്റിലെ ബൈബിളെന്നു വിശേഷിപ്പിക്കപ്പെടുന്ന വിസ്ഡണ്‍ മാസികയുടെ ലീഡിങ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.
Content Highlights: England's 2019 World Cup final win and ben stokes's atonement
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..