Image Courtesy: Twitter|ECB
സതാംപ്ടണ്‍: കോവിഡ്-19 ഉയര്‍ത്തിയ പ്രതിസന്ധി പിന്നിട്ട് 117 ദിവസങ്ങള്‍ക്കു ശേഷം ഒരു ക്രിക്കറ്റ് മൈതാനത്ത് കഴിഞ്ഞ ദിവസം ബാറ്റും ബോളും തമ്മിലുള്ള പോരാട്ടം ആരംഭിച്ചു. ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള സതാംപ്ടണ്‍ ടെസ്റ്റിന്റെ ആദ്യ ദിനം പക്ഷേ ശ്രദ്ധേയമായത് ലോകമെമ്പാടും വര്‍ണവെറിക്കെതിരേ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കളിക്കാരുടെ പ്രവൃത്തികൊണ്ടുകൂടിയായിരുന്നു.
വര്‍ണവെറിക്കെതിരേ ലോകമെമ്പാടും നടക്കുന്ന 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' ക്യാമ്പെയ്നിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മത്സരം ആരംഭിക്കുന്നതിനു മുമ്പ് ഇരു ടീമിലെയും താരങ്ങള്‍ സതാംപ്ടണിലെ എജീസ് ബൗള്‍ മൈതാനത്ത് മുട്ടുകുത്തിയിരുന്നു. 30 സെക്കന്റുകളോളം ഇത് തുടര്‍ന്നു.
വെസ്റ്റിന്‍ഡീസ് താരങ്ങളും രണ്ട് ഇംഗ്ലണ്ട് ഓപ്പണര്‍മാരുമാണ് മൈതാനത്ത് മുട്ടുകുത്തിയിരുന്നതെങ്കില്‍ മറ്റ് താരങ്ങള്‍ ബൗണ്ടറി ലൈനിന് പുറത്ത് മുട്ടുകുത്തിയിരുന്ന് ഇവര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കാളികളായി. കറുത്ത ഗ്ലൗസ് ധരിച്ച വലതുകൈ ഉയര്‍ത്തിയായിരുന്നു വിന്‍ഡീസ് താരങ്ങളുടെ പ്രതിഷേധം.
ജേഴ്‌സിയുടെ കോളറില്‍ 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' ലോഗോ ധരിച്ചാണ് ഇരു ടീമിലെയും താരങ്ങള്‍ കളിക്കാനിറങ്ങിയത്. കായിക രംഗത്തെ വര്‍ണവെറിക്കെതിരായ പ്രതിഷേധ സൂചകമായാണ് ഈ നീക്കം.
അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ലോകമെമ്പാടും വര്‍ണവെറിക്കെതിരായ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.
അലിഷ ഹോസന്ന രൂപകല്‍പ്പന ചെയ്ത ലോഗോ ഐ.സി.സി അംഗീകരിച്ചിട്ടുണ്ട്. പ്രീമിയര്‍ ലീഗിലെ 20 ഫുട്ബോള്‍ ക്ലബ്ബുകളും ഇതേ ലോഗോ ധരിച്ചാണ് കളിക്കാനിറങ്ങുന്നത്.
കോവിഡ് ഇരകള്‍ക്കും കഴിഞ്ഞയാഴ്ച അന്തരിച്ച വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം എവര്‍ട്ടണ്‍ വീക്ക്‌സിനും ആദരവര്‍പ്പിച്ച് ഒരു മിനിറ്റ് മൗനമാചരിച്ച ശേഷമാണ് മത്സരം ആരംഭിച്ചത്.
കോവിഡ് കടന്നപ്പോള്‍ മഴ
സതാംപ്ടണ്‍: കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്കുശേഷം ക്രിക്കറ്റ് മത്സരം പുനരാരംഭിച്ചപ്പോള്‍ മഴയുടെ തടസ്സം. ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് ടെസ്റ്റിന്റെ തുടക്കം മഴയില്‍ നനഞ്ഞു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട്, ആദ്യദിനം ഒരു വിക്കറ്റിന് 35 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍ റോറി ബേണ്‍സ് (20*), ജോ ഡെന്‍ലി (14*) എന്നിവരാണ് ക്രീസില്‍. ബുധനാഴ്ച 17.4 ഓവര്‍ മാത്രമേ കളി നടന്നുള്ളൂ.
മഴ കാരണം മൂന്നുമണിക്കൂറോളം വൈകി കളി തുടങ്ങിയപ്പോള്‍ ആദ്യ റണ്‍ വരുന്നതിനുമുമ്പ് ആദ്യ വിക്കറ്റ് വീണു. ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ഡോം സിബ്ലി (0) നേരിട്ട നാലാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. ബൗളര്‍ ഷാനണ്‍ ഗബ്രിയേല്‍. അതുവരെ ഇംഗ്ലണ്ട് അക്കൗണ്ട് തുറന്നിരുന്നില്ല. പതിനേഴാമത്തെ പന്തില്‍ ഇംഗ്ലണ്ട് ആദ്യ റണ്‍ സ്‌കോര്‍ ചെയ്തതിനുപിന്നാലെ മഴ വീണ്ടുമെത്തി. മൂന്ന് ഓവറിനുശേഷം കളി നിര്‍ത്തി. പിന്നെ ഒരുമണിക്കൂറോളം കഴിഞ്ഞാണ് തുടങ്ങിയത്. ഒരു ഓവര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും മഴവന്നു.
Content Highlights: England and West Indies Players take a knee in support of Black Lives Matter in Southampton
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..