പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: തദ്ദേശീയ കായികയിനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഈ വര്‍ഷംമുതല്‍ സ്കൂളുകളില്‍ 'ഭാരതീയ ഗെയിംസ്' നടത്തുമെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ ഇന്ത്യന്‍ നോളജ് സിസ്റ്റം (ഐ.കെ.എസ്.) വിഭാഗം തയ്യാറാക്കിയ പദ്ധതിരേഖ പ്രകാരമാണ് പരിപാടി.
മേല്‍നോട്ടത്തിനായി എല്ലാ സ്കൂളിലും ഒരു അധ്യാപകനെ നിയമിക്കും. കായിക അധ്യാപകര്‍ക്കാണ് മുന്‍തൂക്കം. ഓരോ സ്കൂളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകന്റെ വിവരങ്ങള്‍ ഐ.കെ.എസ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. അധ്യാപകര്‍ക്ക് ഐ.കെ.എസ് പ്രത്യേക പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തീകരിക്കുന്ന അധ്യാപകര്‍ക്ക് മാത്രമേ കുട്ടികളെ പരിശീലിപ്പിക്കാനാകൂ. സ്കൂളുകള്‍ തമ്മില്‍ തമ്മില്‍ മത്സരം സംഘടിപ്പിക്കുമെന്നും ഐ.കെ.എസ് വ്യക്തമാക്കി.
നാടിന്റെ തനത് കായിക ഇനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഭാരതീയ ഗെയിംസ് വരുന്നത്. കബഡി പോലെയുള്ള കായിക ഇനങ്ങള്‍ ഇനി സ്കൂളുകളില്‍ പാഠ്യവിഷയമാകും. പദ്ധതിക്കുകീഴിലെ ആദ്യ ഇന്റര്‍ സ്കൂള്‍ മത്സരം ജനുവരിയില്‍ നടക്കുമെന്ന് ഐ.കെ.എസിന്റെ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ഗന്തി എസ്. മൂര്‍ത്തി പറഞ്ഞു.
ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത 75 കായിക ഇനങ്ങളുടെ പട്ടിക വിദ്യാഭ്യാസമന്ത്രാലയം ജൂലായില്‍ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് കളിരീതി, സ്കോറിങ് നിര്‍ദേശം, നിയമങ്ങള്‍ എന്നിവയുള്‍പ്പെടെ കായികയിനത്തിന്റെ വിശദാംശങ്ങളടങ്ങുന്ന പരിശീലനപരിപാടി ഇന്ത്യന്‍ നോളജ് സിസ്റ്റം (ഐ.കെ.എസ്.) ഉടന്‍ വികസിപ്പിക്കും.
മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂള്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിച്ച അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് അവരുടെ ദേശീയ റാങ്കിനനുസരിച്ച് പ്രശംസാപത്രം നല്‍കും. ഇതിനോടകം നിരവധി സ്കൂളുകള്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങിയിട്ടുണ്ട്.
Content Highlights: bharathiya games, bharateeya games, bharathiya games in school, local games in schools, sports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..