Image Courtesy: Twitter
ഭുവനേശ്വര്‍: പരിശീലനത്തിനാവശ്യമായ പണത്തിനായി തന്റെ ബി.എം.ഡബ്ല്യു കാര്‍ വില്‍പ്പനയ്ക്ക് വെച്ച് ഇന്ത്യയുടെ അതിവേഗ ഓട്ടക്കാരി ദ്യുതി ചന്ദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം കാര്‍ വില്‍ക്കാനുണ്ടെന്ന് അറിയിച്ചത്. പക്ഷേ സംഭവം വാര്‍ത്തയായതോടെ ദ്യുതി പോസ്റ്റ് നീക്കം ചെയ്തു.
2015-ലാണ് 30 ലക്ഷം രൂപ വിലയുള്ള ബി.എം.ഡബ്ല്യു 3 സീരീസില്‍ പെട്ട കാര്‍ ദ്യുതി വാങ്ങുന്നത്. കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് സ്പോണ്‍സര്‍മാരെ കിട്ടാതാകുകയും പരിശീലനത്തിന് മറ്റു വഴികള്‍ ഇല്ലാതായതോടെയുമാണ് കാര്‍ വില്ക്കാന് താരം തീരുമാനിച്ചത്.
''കോവിഡ് മഹാമാരി കാരണം ഒരു സ്പോണ്‍സറും എനിക്കായി പണം മുടക്കാന്‍ തയ്യാറാകുന്നില്ല. കോവിഡ് കാരണം 2021 ജൂലായിലേക്ക് മാറ്റിവെച്ച ടോക്കിയോ ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. അതിനാല്‍ തന്നെ പരിശീലനത്തിനും ഡയറ്റ് ചെലവുകള്‍ക്കുമായി എനിക്ക് പണം ആവശ്യമുണ്ട്. അതിനാലാണ് അത് (കാര്‍) വില്ക്കാന് തീരുമാനിച്ചത്.'' - ദ്യുതി ഇന്ത്യ ടുഡെയോട് പറഞ്ഞു.
സര്‍ക്കാര്‍ വൃത്തങ്ങളെ സമീപിച്ചിരുന്നു. പക്ഷേ അവരും സാമ്പത്തിക ഞെരുക്കത്തിലാണെന്നാണ് പറയുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് നല്കിയ മൂന്നു കോടി രൂപയുടെ സമ്മാനത്തുക ഉപയോഗിച്ചാണ് ദ്യുതി ചന്ദ് കാര്‍ വാങ്ങിയത്. ഈ തുക ഉപയോഗിച്ച് താരം വീട് പണിയുകയും ചെയ്തിരുന്നു. എന്നാല്‍ താരം പരിശീലനത്തിനായി കാര്‍ വില്ക്കുന്നുവെന്ന് പോസ്റ്റിട്ടതോടെ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
കാര്‍ വില്‍ക്കാനുണ്ടെന്നുകാട്ടി ഒഡിയ ഭാഷയിലാണ് താരം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കാര്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് മെസഞ്ചറില്‍ ബന്ധപ്പെടാമെന്നും കുറിച്ചിരുന്നു. കാറിനൊപ്പം നില്ക്കുന്ന ചിത്രവും ഇതിനൊപ്പം ദ്യുതി പോസ്റ്റ് ചെയ്തിരുന്നു. അതേസമയം തനിക്ക് രണ്ടു കാറുകള്‍ കൂടിയുണ്ടെന്നും മൂന്നു കാറുകളും പാര്‍ക്ക് ചെയ്യാന്‍ സ്ഥലപരിമിതിയുണ്ടെന്നും അതുകൊണ്ട് ഒന്ന് വില്‍ക്കാമെന്ന് തീരുമാനിച്ചതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
Content Highlights: Dutee Chand to sell her BMW to meet training expenses amid lack of sponsors
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..