ഭുവനേശ്വര്‍: സ്വവര്‍ഗാനുരാഗിയാണെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് തനിക്കെതിരേ വിമര്‍ശനമുന്നയിച്ച വീട്ടുകാര്‍ക്കെതിരേ ഇന്ത്യന്‍ അത്ലറ്റ് ദ്യുതി ചന്ദ്. 25 ലക്ഷം രൂപ ആവശ്യപ്പെട്ട് സ്വന്തം സഹോദരി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സ്വവര്‍ഗബന്ധം വെളിപ്പെടുത്തേണ്ടി വന്നതെന്ന് 100 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയായ താരം പറഞ്ഞു.

ഭുവനേശ്വറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തന്റെ ബന്ധം പുറംലോകത്തെ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തി സഹോദരി സരസ്വതി ചന്ദ് 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. സഹോദരി ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. ഇക്കാര്യം താന്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. പണം ആവശ്യപ്പെട്ടുള്ള ഭീഷണി സഹിക്കാന്‍വയ്യാതെയാണ് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന കാര്യം വെളിപ്പെടുത്താന്‍ നിര്‍ബന്ധിതയായതെന്നും അവര്‍ വ്യക്തമാക്കി.

''കുടുംബം ചെലുത്തുന്ന സമ്മര്‍ദത്തില്‍ വീഴില്ല. പ്രായപൂര്‍ത്തിയായ വ്യക്തിയാണ് ഞാന്‍. എന്താണോ ചെയ്തത് അതില്‍ എനിക്ക് നാണക്കേടില്ല. സ്വവര്‍ഗാനുരാഗിയാണ് എന്ന് പറയാന്‍ എനിക്ക് അഭിമാനമേയുള്ളൂ'' - ദ്യുതി പറഞ്ഞു. 

ദ്യുതിയുടെ വെളിപ്പെടുത്തലിനെതിരേ മൂത്ത സഹോദരി സരസ്വതി ചന്ദും അമ്മ അഖോജി ചന്ദും രംഗത്തെത്തിയിരുന്നു. പ്രണയത്തിലാണെന്ന് പറയുന്ന പെണ്‍കുട്ടിയുടെയും അവരുടെ കുടുംബത്തിന്റെയും ഭീഷണിയെ തുടര്‍ന്നാണ് വിവാഹം കഴിക്കാന്‍ ദ്യുതി സമ്മതിച്ചെന്നായിരുന്നു സരസ്വതിയുടെ ആരോപണം.

ഈ തീരുമാനം അവളുടേതല്ലെന്നും ആ പെണ്‍കുട്ടിയും അവളുടെ കുടുംബവും സമ്മര്‍ദം ചെലുത്തിയിട്ടാണ് ദ്യുതി അങ്ങനെ പറഞ്ഞതെന്നും സരസ്വതി വ്യക്തമാക്കിയിരുന്നു. ദ്യുതിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഇതെല്ലാം. ദ്യുതിയുടെ ജീവന്‍ തന്നെ അപകടത്തിലാണെന്നും സഹോദരി പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ദ്യുതി നിഷേധിച്ചു. 

പത്തൊമ്പതുകാരിയായ ഒരു പെണ്‍സുഹൃത്ത് തനിക്കുണ്ടെന്നും ഭാവിയില്‍ ഒരുമിച്ചു ജീവിക്കാനാണ് ആലോചിക്കുന്നതെന്നും ദ്യുതി വെളിപ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. ഇത് തന്റെ സ്വകാര്യതയാണെന്നും അതുകൊണ്ട് പങ്കാളിയുടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്നും ദ്യുതി പറഞ്ഞിരുന്നു.

സെക്ഷന്‍ 377 നീക്കം ചെയ്തുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇക്കാര്യം തുറന്നുപറയുന്നതെന്നും ദ്യുതി വ്യക്തമാക്കി. പുരുഷ ഹോര്‍മോണ്‍ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ദ്യുതിയെ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് നീണ്ട കാലത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ദ്യുതി ട്രാക്കില്‍ തിരിച്ചെത്തുകയായിരുന്നു.

Content Highlights: dutee chand sister is blackmailing rs 25 lakh